കോഴിക്കോട് ചെറൂപ്പയില്‍ 800 ഡോസ് കോവിഷീല്‍ഡ് ഉപയോഗശൂന്യമായി
വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ഡിഎംഒ
കോഴിക്കോട് ചെറൂപ്പ ആരോഗ്യ കേന്ദ്രത്തില്‍ 800 ഡോസ് കോവിഷീല്‍ഡ് ഉപയോഗശൂന്യമായി. വാക്സിന്‍ സൂക്ഷിച്ച താപനിലയിലെ അപാകതയാണ് പ്രശ്നമായെന്ന് സൂചന. വിശദമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു.
ചെറൂപ്പ, പെരുവയല്‍, പെരുമണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള വാക്സിന്‍ സൂക്ഷിക്കുന്നത് ചെറൂപ്പയിലെ ആശുപത്രിയിലാണ്. തിങ്കളാഴ്ച എത്തിച്ച വാക്സിന്‍ ചൊവ്വാഴ്ച വിതരണത്തിനായി എടുത്തപ്പോഴാണ് ഉപയോഗ്യശൂന്യമായ വിവരം അറിഞ്ഞത്. 800 ഡോസ് വാക്സിനാണ് പൂർണമായി ഉപയോഗശൂന്യമായത്. വാക്സിന്‍ സൂക്ഷിച്ച ശീതീകരണിയിലെ താപനിലയില്‍ മാറ്റം വന്നതാണ് പ്രശ്നമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് കോഴിക്കോട് ഡിഎംഒ ഡോ വി ജയശ്രീ നിർദേശം നല്‍കിയിട്ടുണ്ട്.
വാക്സിന്‍ പാഴാക്കിയ ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഉയർന്നു. മുസ്‍ലിം ലീഗ്, കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസറെ ഉപരോധിക്കുകയും ചെയ്തു.
Adjust Story Font
16