മലപ്പുറത്ത് നായയെ ബൈക്കിൽ കെട്ടി വലിച്ചയാളെ അറസ്റ്റ് ചെയ്തു
എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെതിരെയാണ് പൊലീസ് കേസെടുത്തത്
മലപ്പുറത്ത് നായയെ ബൈക്കിൽ കെട്ടി വലിച്ചയാളെ അറസ്റ്റ് ചെയ്തു. എടക്കര, കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. എടക്കര പൊലീസാണ് സേവ്യറെ അറസ്റ്റ് ചെയ്തത്. മലപ്പുറം എടക്കര വെസ്റ്റ് പെരുംകുളത്താണ് നായയോട് കൊടും ക്രൂരത അരങ്ങേറിയത് .
പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരത്തിലാണ് തിരുനെച്ചി സ്വദേശി സേവ്യര്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടി വലിച്ചത്. ക്രൂരത നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചിലര്‍ പിന്തുടർന്ന് വിലക്കിയെങ്കിലും ഇയാള്‍ അവഗണിച്ചു വാഹനം മുന്നോട്ടു കൊണ്ടുപോയി. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോവുകയാണെന്നാണ് നാട്ടുകാരോട് ഇയാള്‍ പറഞ്ഞത്. ചെരുപ്പടക്കമുള്ള വീട്ടിലെ സാധനങ്ങള്‍ നായ കടിച്ചു നശിപ്പിച്ചെന്നും സേവ്യര്‍ നാട്ടുകാരോട് പറഞ്ഞു.
കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ നായയെ സ്കൂട്ടറില്‍ നിന്ന് കെട്ടഴിച്ച് വിട്ട ഇയാള്‍ കൂടെയുണ്ടായിരുന്ന മകനെ പറഞ്ഞുവിട്ടു. പരിക്കേറ്റ നായയെ സേവ്യര്‍ പിന്നീട് നടത്തിക്കൊണ്ടുപോയി. സംഭവം ശ്രദ്ധയിൽ പെട്ട സന്നദ്ധപ്രവർത്തകരാണ് പൊലീസിൽ പരാതി നല്‍കിയത്. നായയെ പിന്നീട് സന്നദ്ധ സംഘടന ഏറ്റെടുത്തു. ഏതാനും മാസം മുമ്പാണ് സേവ്യർ നായയെ വളർത്താൻ ആരംഭിച്ചത്. സംഭവത്തിൽ എടക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Adjust Story Font
16