Quantcast

പ്രസാഡിയോയും മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവും തമ്മിൽ ഇടപാട് നടന്നു; രേഖകൾ പുറത്ത്

കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാഷ്യൽ റിപ്പോർട്ടില്‍ പ്രകാശ് ബാബുവിന്റെ പേരും

MediaOne Logo

Web Desk

  • Updated:

    2023-05-03 07:00:40.0

Published:

3 May 2023 4:53 AM GMT

presadio, ai camera, pinarayi vijayan,prakash babu
X

തിരുവനന്തപുരം: പ്രസാഡിയോ കമ്പനിയും മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബുവും തമ്മിൽ ഇടപാടുകൾ നടന്നെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടില്‍ കമ്പനി പണം നൽകാനുള്ളവരുടെ പട്ടികയിലാണ് പ്രകാശ് ബാബുവിന്റെ പേരുള്ളത്.

പ്രസാഡിയോ കമ്പനി ആരംഭിക്കുന്നത് 2018 ലാണ്. അന്ന് മുതലുള്ള ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എറണാകുളത്തെ ഗസ്റ്റ്ഹൌസ് ഉപയോഗിച്ചു എന്ന വകയിൽ 50,000 രൂപയും ചില ഇടപാടുകളുടെ ഫലമായി 1,7,5000 രൂപയും പ്രസാഡിയോ കമ്പനി അദ്ദേഹത്തിന് നൽകാനുണ്ട് എന്ന് രേഖയിൽ പറയുന്നു. എന്നാൽ കമ്പനി ഡയറക്ടർമാരുടെ പട്ടികയിൽ പ്രകാശ് ബാബു ഉണ്ടെന്നുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രകാശ് ബാബുവിന് പ്രസാഡിയോ കമ്പനിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

എഐ കാമറ ഇടപാടിൽ ഉപകരാർ നേടിയ പ്രസാഡിയോ കമ്പനിക്ക് തുടക്കം മുതൽ സർക്കാർകരാറുകൾ ലഭിച്ചതിതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗതാഗത വകുപ്പിനായി വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ സ്ഥാപിച്ചതിനുള്ള ഉപകരാർ ഊരാളുങ്കൽ നൽകിയത് പ്രസാഡിയോക്കാണ്. 2018 ൽ കമ്പനി നിലവിൽ വന്ന് മാസങ്ങൾക്കുള്ളിലായിരുന്നു കരാർ.

വിഷയത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പ്രതിപക്ഷം . മറുപടി പറയാതെ സർക്കാർ ഒളിച്ചുകളി തുടരുകയാണെന്നാണ് ആരോപണം. ഉപകരാർ നേടിയ പ്രസാഡിയോ കമ്പനിയെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ നീക്കം.

അതേസമയം എ ഐ കാമറയുടെയും സോഫ്റ്റ് വെയറിൻറെയും ക്വാളിറ്റി ചെക്ക് നടത്തിയിരുന്നോ എന്നതിൽ ഗതാഗത വകുപ്പിനും സംശയം. കാര്യക്ഷമത പരിശോധിച്ചതിൻറെ രേഖകൾ ഒന്നും കെൽട്രോൺ ഇതുവരെ സമർപ്പിച്ചിട്ടില്ല. പരിശോധിച്ചിട്ടുണ്ടെന്നാണ് കെൽട്രോൺ അറിയിച്ചതെങ്കിലും വിവരങ്ങൾ ഒന്നും കൈമാറിയിട്ടില്ല.

എ.ഐ കാമറ, എ.എൻ.പി.സി കാമറ, സിസ്റ്റം ഡിവൈസ് മാനേജർ സോഫ്റ്റ്‌വെയർ, എ.ഐ സോഫ്റ്റ്‌വെയർ അടക്കം നിരവധി ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളുമാണ് സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയതും സ്ഥാപിച്ചതും. ഇതിൽ തന്നെ എ.ഐ അധിഷ്ഠിത 3 മെഗാപിക്‌സൽ ക്യാമറയും, 5 മെഗാ പിക്‌സൽ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയുടെയൊന്നും പ്രവർത്തനക്ഷമത പരിശോധിച്ചതിൻറെ ഒരു രേഖകളും കെൽട്രോൺ കൈമാറിയിട്ടില്ലെന്നാണ് ഗതാഗത വകുപ്പിൽ നിന്നും ലഭിച്ച വിവരം.

പദ്ധതി വിവാദമായതോടെ ഇതിന് എ.ഐ സ്വഭാവം എത്രത്തോളമുണ്ട്, എറർ ശതമാനം എത്രയാണ്, വിപണിയിൽ ഇതേ സമയം ലഭ്യമായിരുന്ന മറ്റ് എ.ഐ ക്യാമറകളിൽ നിന്ന് എത്രത്തോളം സവിശേഷതയുണ്ട്, ഇതേ സവിശേഷതകളുള്ള മറ്റ് ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള വിലയിലെ വ്യത്യാസം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്.ആർ.ഐ.ടി ഉപകരാർ കൊടുത്ത കമ്പനിയാണ് ഉപകരണങ്ങൾ കൈമാറിയത്. ഒരു എ.ഐ സംവിധാനത്തിൻറെ വില 9.37 ലക്ഷമെന്ന് കെൽട്രോണിൻറെ തന്നെ കണക്കാണ്.

TAGS :

Next Story