Quantcast

പൂർണമായും സി.സി.ടി.വി നിരീക്ഷണത്തിൽ ഒരു വാർഡ്; കാരണമിതാണ്

നാലര ലക്ഷം രൂപ ചെലവില്‍ 11 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.

MediaOne Logo

Web Desk

  • Published:

    18 April 2023 1:27 AM GMT

A fully CCTV monitored ward, This is the reason
X

പാലക്കാട്: ജില്ലയിലെ മുതുതല പഞ്ചായത്തിലെ ഒരു വാര്‍ഡ് പൂർണമായും ഇപ്പോള്‍ സി.സി.ടി.വി നിരീക്ഷണത്തിലാണ്. പ്രദേശത്ത് മോഷണം വർധിച്ചതോടെയാണ് നാട്ടുകാർ ചേർന്ന് സി.സി.ടി.വി സ്ഥാപിച്ചത്.

പ്രധാനപാതകളിലെ കടകളിലും ബാങ്കുകളിലുമെല്ലാം സി.സി.ടി.വി ക്യാമറകൾ ഉണ്ട്. സി.സി.ടി.വിയില്ലാത്ത ഉൾപ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം വ്യാപകമായതോടെയാണ് മുതുതല പഞ്ചായത്തിലെ 12ാം വാര്‍ഡിലെ ജനങ്ങള്‍ പരിഹാരത്തെ കുറിച്ച് കൂടിയാലോചിക്കാന്‍ യോഗം ചേര്‍ന്നത്.

തുടർന്ന് സി.സി.ടി.വി സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ സമിതിയും രുപീകരിച്ചു. നന്മ പ്രവാസി കൂട്ടായ്മയും ജനകീയ സമിതിയും ചേര്‍ന്ന് വാര്‍ഡിലെ പൊതുജനങ്ങളില്‍ നിന്ന് മാത്രമായി പദ്ധതിക്ക് വേണ്ടി പണം സ്വരൂപിച്ചു.

നാലര ലക്ഷം രൂപ ചെലവില്‍ 11 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി ഹരിദാസന്‍ സിപി ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.

വാര്‍ഡിലെ പ്രധാന ഇടവഴികള്‍ വരെ നിരീക്ഷിക്കാന്‍ കഴിയുന്ന രൂപത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. സി.സി.ടി.വികൾ പണി തുടങ്ങിയതിനാൽ മോഷ്ടാക്കൾ ഈ വഴിക്ക് വരില്ലെന്ന ആശ്വാസത്തിലാണ് നാട്ടുകാർ അന്തിയുറങ്ങുന്നത്.

TAGS :

Next Story