ഏകീകൃത കുർബാന തടയും; നിലപാടിലുറച്ച് എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ
പുതുവത്സരത്തിൽ സിനഡ് കുർബാന അർപ്പിക്കണമെന്ന വത്തിക്കാന്റെ നിർദേശത്തിൽ വ്യക്തതയില്ലെന്നും ഒരു വിഭാഗം വിശ്വാസികൾ അറിയിച്ചു.
കൊച്ചി: സഭാ നേതൃത്വത്തിൽ മാറ്റമുണ്ടായെങ്കിലും ഏകീകൃത കുർബാന വിഷയത്തിൽ നിലപാടിലുറച്ച് എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ. സിനഡ് കുർബാനയർപ്പിക്കാനാണ് നീക്കമെങ്കിൽ തടയും. പുതുവത്സരത്തിൽ സിനഡ് കുർബാന അർപ്പിക്കണമെന്ന വത്തിക്കാന്റെ നിർദേശത്തിൽ വ്യക്തതയില്ലെന്നും ഒരു വിഭാഗം വിശ്വാസികൾ അറിയിച്ചു.
ആരോപണ വിധേയയരായ സഭാ തലവന്മാരെ നീക്കി സമവായത്തിലെത്താൻ വത്തിക്കാൻ ഇടപെട്ട് ശ്രമിച്ചെങ്കിലും ഏകീകൃത കുർബാന വിഷയത്തിൽ തീരുമാനം മാറ്റേണ്ട എന്ന നിലപാടിൽ തന്നെയാണ് വിമത വിഭാഗം. ഏകീകൃത കുർബാനയർപ്പിക്കാൻ തീരുമാനിച്ചാൽ തടയുമെന്ന് ഇവർ പറയുന്നു. തീരുമാനം സംബന്ധിച്ച് എറണാകുളം- അങ്കമാലി അതിരൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്ന ബോസ്കോ പുത്തൂരുമായി ഒരു വിഭാഗം വൈദികർ കൂടിക്കാഴ്ച നടത്തി.
അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വിശ്വാസികൾ ഇന്ന് മേജർ ആർച്ച് ബിഷപ്പിന്റെ ചുമതലയുള്ള സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെ കണ്ട് തീരുമാനമറിയിക്കും.
സിറോ മലബാർ സഭയുടെ ഇരുണ്ട യുഗത്തിന് അവസാനമായെന്ന തലക്കെട്ടോടെയാണ് മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ രാജിക്ക് പിന്നാലെ അൽമായ മുന്നേറ്റം വാർത്താക്കുറിപ്പിറക്കിയത്. ഭൂമി ഇടപാടിലും കുർബാന വിഷയത്തിലും സിറോ മലബാർ സഭയും വിശ്വാസികളും അനുഭവിച്ച മാനക്കേടിന് ജോർജ് ആലഞ്ചേരിയും ആൻഡ്രൂസ് താഴത്തും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വാർത്താക്കുറിപ്പിലൂടെ ഇവർ ആവശ്യപ്പെട്ടു. ജനുവരിയിൽ നടക്കുന്ന സ്ഥിരം സിനഡ് യോഗത്തിൽ തീരുമാനമുണ്ടാകുന്നത് വരെ നിലവിലെ സംഘർഷം തുടരും.
Adjust Story Font
16