'സമൂഹത്തിന്റെ മുന്നിൽ എന്ത് പറയാൻ പാടില്ല എന്നും കമ്യൂണിസ്റ്റുകാരൻ പഠിക്കണം'; എ. പത്മകുമാറിന് മറുപടിയുമായി എ.കെ ബാലൻ
വാർത്തകൾ ചോർന്നത് ഗൗരവത്തില്‍ കാണണമെന്നും എ.കെ ബാലൻ

തിരുവനന്തപുരം: സംസ്ഥാനകമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തമാക്കിയ പത്തനംതിട്ടയിൽ നിന്നുള്ള സിപിഎം നേതാവ് എ.പത്മകുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ. 'സമൂഹത്തിൻ്റെ മുന്നിൽ എന്ത് പറയാൻ പാടില്ല എന്നും കമ്യൂണിസ്റ്റ്കാരൻ പഠിക്കണം... എല്ലാവരെയും സംസ്ഥാനകമ്മിറ്റിയിൽ എടുക്കാൻ കഴിയില്ല.പല ഘടകങ്ങളും പരിഗണിച്ചാണ് പദവികൾ നിശ്ചയിക്കുന്നത്'. വാർത്തകൾ ചോർന്നത് ഗൗരവകരമായി പാർട്ടി കാണണമെന്നും എ.കെ ബാലൻ പറഞ്ഞു.
മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയതിൽ തനിക്ക് മാത്രമല്ല വിയോജിപ്പുള്ളതെന്നും ആരെങ്കിലും ആ വിഷയം പറയണമെന്നുള്ളത് കൊണ്ടാണ് പ്രതികരിച്ചതെന്നും എ.പത്മകുമാർ മീഡിയവണിനോട് പറഞ്ഞു.തെരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്നെല്ലാം ഒഴിയും.രാഷ്ട്രീയ സംഘടന പ്രവർത്തനങ്ങൾ നോക്കിയുള്ള തെരഞ്ഞെടുപ്പ് രീതി മാറിയതുകൊണ്ടാണ് പ്രതിഷേധിച്ചത്.പാർട്ടി നടപടി നേരിടാൻ തയ്യാറാണെന്നും പത്മകുമാര്‍ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാർ പിൻവലിച്ചിരുന്നു. 'ചതിവ്, വഞ്ചന, അവഹേളനം... 52 വർഷത്തെ ബാക്കിപത്രം...ലാൽ സലാം' എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങൾ പിൻവലിച്ചെങ്കിൽ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് പത്മകുമാർ പിൻവലിച്ചത്.
അതേസമയം, എ.പത്മകുമാറിന്റെ പരസ്യപ്രതികരണം പാർട്ടി ഗൗരവത്തിൽ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.പത്മകുമാർ പാർട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.
'പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല. പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോർജ് ആത്മാർത്ഥതയോടെ നിർവഹിക്കുന്നുണ്ട്. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി നിർവഹിക്കുന്ന വ്യക്തിയാണ് വീണാ ജോർജ് എന്നും രാജു എബ്രഹാം പറഞ്ഞു.
Adjust Story Font
16