Quantcast

ഹിന്ദി ബെൽറ്റിലെ മുതിർന്ന നേതാക്കൾക്ക് സുപ്രധാന ചുമതല; കോൺഗ്രസിൽ വൻ അഴിച്ചുപണിക്ക് നീക്കം

കേരളത്തിനും ഡൽഹിക്കും ബിഹാറിനും പ്രത്യേക പ്ലാൻ

MediaOne Logo

Web Desk

  • Published:

    26 Dec 2024 4:06 PM GMT

ഹിന്ദി ബെൽറ്റിലെ മുതിർന്ന നേതാക്കൾക്ക് സുപ്രധാന ചുമതല; കോൺഗ്രസിൽ വൻ അഴിച്ചുപണിക്ക് നീക്കം
X

ബെംഗലൂരു: സംഘടനാനേതൃതലത്തിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്. ബെലഗാവിയിൽ നടന്ന വിശാല പ്രവർത്തക സമിതിയിലാണ് പാർട്ടിയുടെ സുപ്രധാന തീരുമാനം. ഹിന്ദി ഹൃദയ ഭൂമിയിൽ പാർട്ടിയെ തിരിച്ച് കൊണ്ട് വരാനായി ഹിന്ദി ബെൽറ്റിൽ നിന്ന് മുതിർന്ന നേതാക്കൾക്ക് സുപ്രധാന ചുമതല നൽകും. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല ഹിന്ദി ബെൽറ്റിൽ നിന്നുള്ള നേതാക്കൾക്ക് നൽകും.

തിരഞ്ഞെടുപ്പിനായി ഡൽഹിക്കും,ബീഹാറിനും പ്രത്യേക പദ്ധതിയാണ് പാർട്ടി ആവിഷ്‌ക്കരിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളും പദയാത്രകളും സംഘടിപ്പിക്കും. ഭരണഘടനയ്ക്ക് നേരെയുള്ള അക്രമങ്ങളടക്കമുള്ള വിഷയങ്ങൾ പ്രചാരണത്തിൽ ഉയർത്തും.

പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലേക്ക് കൂടുതലാളുകളെ പരിഗണിക്കാനും തീരുമാനമുണ്ട്. കേരളത്തിനായി പ്രത്യേക കർമ്മ പദ്ധതി ആവിഷ്‌കരിക്കും. വരാനിരിക്കുന്ന നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് തയ്യാറെടുപ്പ് തുടങ്ങും. ദളിത്,ഒബിസി വിഭാഗങ്ങളിൽ നിന്ന് കൂടുതൽ നേതാക്കളെ നേതൃപദവിയിലേക്ക് എത്തിക്കും.

അടുത്ത ഒരു വർഷം സംഘടന ശക്തിപ്പെടുത്താനുള്ള കർമ പദ്ധതി ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. രണ്ടു പ്രമേയങ്ങൾ പ്രവർത്തകസമിതിയിൽ പാസാക്കി.

അടുത്ത വർഷത്തെ എഐസിസി സമ്മേളനം ഏപ്രിലിൽ മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്ത് പോർബന്ധറിൽ സംഘടിപ്പിക്കും. സമ്മേളനത്തിൽ വൻ സംഘടനാ നവീകരണം നടത്തും. ബൂത്ത് തലം മുതൽ എല്ലാ തലത്തിലും മാറ്റങ്ങൾ നടത്താനും പദ്ധതിയുണ്ട്.

"ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ" എന്ന പേരിൽ കാമ്പെയിൻ ആരംഭിക്കാനും സമിതി തീരുമാനിച്ചു.

റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭരണഘടന സംരക്ഷണത്തിനായി 'സംവിധാൻ ബച്ചാവോ രാഷ്ട്രീയ് പദയാത്ര' എന്നപേരിൽ പദയാത്ര ആരംഭിക്കും. ഇതിന് തുടർച്ചയായി അംബേദ്കറുടെ ജന്മനാട്ടിലും സമ്മേളനം സംഘടിപ്പിക്കും, എല്ലാ ഗ്രാമങ്ങളിലും പദയാത്ര എത്തിക്കാനും സമിതി തീരുമാനമുണ്ട്.

TAGS :

Next Story