യുവാവിനെ തട്ടിക്കൊണ്ടു പോയ സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ പീഡനക്കേസ്
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്
കോഴിക്കോട്: പന്തിരിക്കരയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സ്വർണ്ണക്കടത്ത് സംഘാംഗത്തിനെതിരെ പീഡനക്കേസ്. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട കോന്നി സ്വദേശിയായ യുവതിയെ പൊലീസ് ചോദ്യം ചെയ്തു. ഇവരിൽ നിന്നും സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ചുള്ള ചില വിവരങ്ങൾ പൊലീസിന് ലഭിച്ചതയാണ് വിവരം. വിദേശത്തുള്ള ഇവരുടെ ഭർത്താവാണു തട്ടിക്കൊണ്ടു പോയ ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പന്തിരിക്കരയിൽ തന്നെയുള്ള ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പേരാമ്പ്ര എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദുബായിൽ നിന്ന് കഴിഞ്ഞ മേയിലാണ് ഇർഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം, ഇർഷാദിന്റെ കുടുംബം നാളെ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകും.
A molestation case against the gold smuggling gang member who kidnapped the youth
Adjust Story Font
16