പ്രതീക്ഷയുടെ ശിലയിട്ടു; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു
ഏഴ് സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകൾ ഒരുങ്ങുക

കൽപ്പറ്റ: മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. കൽപ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലായിരുന്നു പരിപാടി. പ്രിയങ്കാ ഗാന്ധി എംപി, റവന്യൂ മന്ത്രി കെ.രാജൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ , പി.കെ കുഞ്ഞാലിക്കുട്ടി, വിവിധ മന്ത്രിമാർ ജില്ലയിൽ നിന്നുള്ള എംഎൽഎമാർ തുടങ്ങി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിന്റെ ഭാഗമായി.
ഏഴ് സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകൾ ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്.
67 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവൻ പേരും സമ്മതപത്രം നൽകി കഴിഞ്ഞു. ഉരുൾ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സർക്കാർ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്.
Adjust Story Font
16