പേട്ടയിലെ രണ്ട് വയസുകാരിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി; ഒപ്പം സഹോദരങ്ങളും
കുട്ടിയെക്കുറിച്ചുള്ള രേഖ മാതാപിതാക്കളുടെ കൈവശം കാണാത്തതിനെത്തുടർന്ന് കുട്ടിയുടെയും പിതാവിന്റെയും രക്തസാമ്പിളുകൾ ശേഖരിച്ചു
തിരുവനന്തപുരം: പേട്ടയിൽനിന്ന് കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത രണ്ട് വയസകാരിയെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടിയുടെ സുരക്ഷ പരിഗണിച്ചാണ് മാറ്റം. സഹോദരങ്ങളും കുട്ടിയോടൊപ്പം ശിശുക്ഷേമ സമിതിയിലുണ്ടാകും. എന്നാൽ കുട്ടിയെക്കുറിച്ചുള്ള രേഖ മാതാപിതാക്കളുടെ കൈവശം കാണാത്തതിനെത്തുടർന്ന് കുട്ടിയുടെയും പിതാവിന്റെയും രക്തസാമ്പിളുകൾ ശേഖരിച്ചു.
ഇന്ന് വൈകീട്ടാണ് രണ്ട് വയസുകാരിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. തുടർന്ന് ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. ക്ലിനിക്കൽ സൈക്കോളജിസ്റ്റെത്തി കൗൺസിലിംഗ് നൽകിയ ശേഷമായിരുന്നു ഡിസ്ചാർജ്.
ഇന്ന് രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴിയിൽ നിന്ന് അവ്യക്തതകൾ നീക്കാനാകുമെന്ന് പൊലീസ് കരുതുന്നു. ഇതിനിടെ ഇന്ന് രാവിലെ കുട്ടിയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കുട്ടി ചികിത്സയിൽ കഴിയുന്ന എസ്.എ.ടി ആശുപത്രിയിലായിരുന്നു പ്രതിഷേധം. തങ്ങളുടെ കൂട്ടത്തിൽ നിന്ന് ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയ മൂന്ന് പേരെ എത്രയും വേഗം വിട്ടുനൽകണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
അതേസമയം, ഇതുവരെ പ്രതിയെക്കുറിച്ച് പൊലീസിന് തുമ്പ് ലഭിച്ചിട്ടില്ല. കുട്ടിയെങ്ങനെ ബ്രഹ്മോസിന് സമീപമുള്ള പൊന്തക്കാട്ടിൽ എത്തി എന്നതിന് പോലും പൊലീസിന് ഉത്തരമില്ല. കുട്ടി തനിയെ നടന്നുവന്നോ എന്ന സംശയം പോലും പൊലീസ് തള്ളിയിട്ടില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്നാണ് ഈ സംശയത്തിലേക്കെത്തിയത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലഭിച്ച ലഹരിവസ്തുക്കൾ പൊതിഞ്ഞ പേപ്പറിന്റെയും ശീതള പാനീയത്തിന്റെ കുപ്പികളുടെയും ഫൊറൻസിക് പരിശോധനാ ഫലം ഉടൻ ലഭിക്കും. കൂടാതെ സി.സി.ടി.വി ദൃശ്യങ്ങളുടെ സൈബർ പരിശോധനാ ഫലവും ലഭിച്ചേക്കും. നിലവിൽ മുപ്പതോളം വീടുകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന്റെ പക്കലുള്ളത്.
Adjust Story Font
16