Quantcast

പിണറായിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ നന്മയുടെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവരല്ല: എ വിജയരാഘവൻ

"അവർക്ക് മാന്യത ഉണ്ടാക്കി കൊടുക്കാൻ വേണ്ടി ചില മാധ്യമങ്ങൾ ഇവിടെ പരിശ്രമിക്കുന്നുണ്ട്. അതൊന്നും സഖാവ് പിണറായി വിജയൻറെ വ്യക്തിത്വത്തിന് ഒരു കളങ്കവും ഉണ്ടാക്കാൻ പോകുന്നില്ല"

MediaOne Logo

Web Desk

  • Updated:

    2022-06-08 14:25:47.0

Published:

8 Jun 2022 12:46 PM GMT

പിണറായിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ നന്മയുടെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവരല്ല: എ വിജയരാഘവൻ
X

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപം ഉന്നയിക്കുന്നവർക്ക് പൊതുജീവിതത്തിൽ നന്മയുടെ മൂല്യങ്ങളില്ലെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് ഒരു കളങ്കവും ഏൽപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കേന്ദ്ര ഗവൺമെന്റിന്റെ ഒത്താശയോടു കൂടി വിവിധ കേന്ദ്ര ഏജൻസികളെ കേരളത്തിൽ കൊണ്ടുവന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ പിന്തുണയോടുകൂടി കുറെ പ്രചാര വേലകൾ നടത്തിയതാണ്. ഈ ആക്ഷേപം ഉന്നയിച്ച കഥാപാത്രങ്ങളെല്ലാം കേരളീയ പൊതുജീവിതത്തിൽ ഏതെങ്കിലും നന്മയുടെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവരല്ല. അവർക്ക് മാന്യത ഉണ്ടാക്കി കൊടുക്കാൻ വേണ്ടി ചില മാധ്യമങ്ങൾ ഇവിടെ പരിശ്രമിക്കുന്നുണ്ട്. അതൊന്നും സഖാവ് പിണറായി വിജയൻറെ വ്യക്തിത്വത്തിന് ഒരു കളങ്കവും ഉണ്ടാക്കാൻ പോകുന്നില്ല.'- വിജയരാഘവൻ പറഞ്ഞു.

കേരളത്തിന്റെ പൊതു മുന്നേറ്റത്തിനും വളർച്ചയ്ക്കും വികസനത്തിനും സഹായകരമായ രൂപത്തിൽ മുൻകൈയും നേതൃത്വവും എടുത്ത് മുഖ്യമന്ത്രി പ്രവർത്തിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'രാഷ്ട്രീയമായി അദ്ദേഹത്തെ തകർക്കാൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാൻ, ഈ ഗവൺമെന്റിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. ഇതൊന്നും കേരളീയ സമൂഹം അംഗീകരിക്കാൻ പോകുന്നില്ല.' - വിജയരാഘവൻ വ്യക്തമാക്കി.

നേരത്തെ, മുഖ്യമന്ത്രിയും സമാനമായ രീതിയിലാണ് പ്രതികരിച്ചിരുന്നത്. നുണപ്രചാരണങ്ങൾ അതിൻറെ വഴിക്ക് പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രളയത്തെ പോലും മറികടക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ നുണപ്രചരണം. ജനങ്ങൾ ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പ്രളയത്തിന്റെ കുത്തൊഴുക്കിനെ കൂടി കവച്ചുവെക്കത്തക്ക രീതിയിലായിരുന്നില്ലേ കഴിഞ്ഞ തെരഞ്ഞെടുപ്പില് ഈ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വലിയ നുണ പ്രചാരവേലകൾ. എന്തെല്ലാം തട്ടിക്കൂട്ടി ഈ സർക്കാരിനെതിരെ പടച്ചുണ്ടാക്കി. ജനങ്ങൾ നെഞ്ചു തൊട്ടു പറഞ്ഞു, ഇത് ഞങ്ങളുടെ സർക്കാരാണ്. ഞങ്ങളോടൊപ്പം നിന്ന സർക്കാരാണ്. ഏത് ആപൽഘട്ടത്തിലും ഞങ്ങളെ കൈയൊഴിയാൻ തയ്യാറായിട്ടില്ല. അതാണ് നമുക്കാവശ്യം. അതിന്റെ ഭാഗമായിട്ടാണ് സർക്കാർ വീണ്ടും അധികാരത്തിൽവന്നത്.' - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



TAGS :

Next Story