പത്തനംതിട്ടയില്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അമ്പാടി മരിച്ചത്
പത്തനംതിട്ട: പത്തനംതിട്ട മന്ദമരുതിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. റാന്നി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ബിവറേജിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കാർ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് റാന്നി ബിവറേജിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിവറേജിൽ നിന്നും കാറിൽ മടങ്ങിയ അമ്പാടിയെ മൂന്നംഗ സംഘം പിൻതുടർന്നെത്തി കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അമ്പാടിയെ പിന്നാലെ എത്തിയ കാർ ഇടിച്ചു വീഴ്ത്തി. റോഡരികിൽ വീണു കിടന്ന അമ്പാടിയുടെ ശരീരത്തു കൂടി കാർ കയറ്റി ഇറക്കി.
ഗുരുതരമായി പരിക്കേറ്റ യുവാവ് കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്പാടിയെ ഇടിച്ചു വീഴ്ത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ കാറിൽ ഉണ്ടായിരുന്ന അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നീ പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ആദ്യം അപകടമരണമെന്ന് കരുതിയ സംഭവം പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
Adjust Story Font
16