സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന് ആരോപണം; കൊല്ലത്ത് യുവാവിനെ ക്രൂരമായി മർദിച്ചു
പ്രതിയായ രാഹുൽ കൊലപാതകശ്രമം, പിടിച്ചുപറി, ബലാത്സംഗം, എന്നിവയടക്കം പതിനഞ്ചോളം കേസുകളിൽ പ്രതിയും പിടികിട്ടാപുള്ളിയുമാണെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം: സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടാരക്കര ഓടനാവട്ടം തുറവൂർ രാഹുൽ ഭവനിൽ അമ്പാടി എന്നു വിളിക്കുന്ന രാഹുൽ ( 26 ) നെ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വള്ളികുന്നം സ്വദേശിയായ അച്ചു എന്ന 19 വയസ്സുകാരനെ കൊറിയർ നൽകാനെന്നപേരിൽ ഈ മാസം ഒന്നാം തിയ്യതി കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തി ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി മൃഗീയമായി മർദിച്ചശേഷം മർദനദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ കേരള പൊലീസിന്റെ സോഷ്യൽമീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് അയക്കുകയായിരുന്നു.
പ്രതിയായ രാഹുൽ കൊലപാതകശ്രമം, പിടിച്ചുപറി, ബലാത്സംഗം, എന്നിവയടക്കം പതിനഞ്ചോളം കേസുകളിൽ പ്രതിയും പിടികിട്ടാപുള്ളിയുമാണെന്ന് പൊലീസ് പറഞ്ഞു. 2018ൽ ഓടനാവട്ടത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ പ്രസംഗവേദിയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്, വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസ് എന്നിവയിൽ പ്രതിയാണ് അറസ്റ്റിലായ രാഹുൽ.
Adjust Story Font
16