Quantcast

സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങിയ യുവാവിന് തിഹാർ ജയിലിൽ കഴിയേണ്ടിവന്നത് 35 ദിവസം

വർഷങ്ങളായി ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ചെന്നൈ സ്വദേശി ഷമീം ആണ് ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചത്.

MediaOne Logo

Web Desk

  • Published:

    15 Dec 2024 1:47 AM GMT

A young man who bought a second hand mobile had to spend 35 days in Tihar Jail
X

ഇടുക്കി: സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങിയ യുവാവിന് തിഹാർ ജയിലിൽ കഴിയേണ്ടിവന്നത് 35 ദിവസം. വർഷങ്ങളായി ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ചെന്നൈ സ്വദേശി ഷമീം ആണ് ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡൽഹി സ്വദേശിയായ യുവതിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്.

കഴിഞ്ഞ നവംബർ 22ന് നെടുങ്കണ്ടത്ത് നിന്നാണ് ഡൽഹി പൊലിസ് ഷമീമിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ആൺ സുഹൃത്ത് ആണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കേസിൽ ഡൽഹി സ്വദേശി മാനവ് വിഹാരിയെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീം വാങ്ങിയ സെക്കൻഡ് ഹാൻഡ് മൊബൈലിന്റെ ഐപി അഡ്രസിൽ നിന്നാണ് സന്ദേശം അയച്ചതെങ്കിലും ഫൊറൻസിക് പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചില്ല. ഷമീമിന് ഒന്നാം പ്രതിയുമായോ പെൺകുട്ടിയുമായോ ബന്ധമുണ്ടെന്നും കണ്ടെത്താനായില്ല. ഇതോടെയാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അപേക്ഷ നൽകിയത്.

ഷമീമിന്റെ കൈവശമുണ്ടായിരുന്ന ഫോണിന്റെ ഐ.പി.അഡ്രസ് ഉപയോഗിച്ച് സന്ദേശം അയച്ചത് ആരെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ജനുവരി 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതി കുറ്റവിമുക്തനാക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഷമീം. അഭിഭാഷകരായ ബിജു പി രാമനും ജോൺ തോമസ് അറയ്ക്കലുമാണ് ഷമീമിനായി കോടതിയിൽ ഹാജരായത്.

TAGS :

Next Story