അഭയകേസ്; പ്രതികളുടെശിക്ഷ മരവിപ്പിച്ച നടപടി ശരിയായില്ലെന്ന് പ്രധാനസാക്ഷി അടക്കാ രാജു
പ്രതികളായ മൂന്നുപേരെയും സംഭവസ്ഥലത്ത് വെച്ച് കണ്ടത് കൃത്യമായി ഓർക്കുന്നുണ്ടെന്ന് അടക്കാ രാജു
എറണാകുളം: അഭയ കേസില്‍ പ്രതികളുടെശിക്ഷ മരവിപ്പിച്ച നടപടി ശരിയായില്ലെന്ന് കേസിലെ പ്രധാനസാക്ഷി അടക്കാ രാജു. താൻ കോടതിയിൽ പറഞ്ഞത് വിശ്വസിച്ചാണ് അവർക്ക് ശിക്ഷ ലഭിച്ചത്. ഇനിയും സത്യം എവിടെ വേണമെങ്കിലും പറയാൻ തയാറാണ്. അന്ന് പ്രതികളായ മൂന്നുപേരെയും സംഭവസ്ഥലത്ത് വെച്ച് കണ്ടത് കൃത്യമായി ഓർക്കുന്നുണ്ടെന്നും അടയ്ക്കാ രാജു പറഞ്ഞു.
അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെയാണ് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതികളുടെ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ അനുകൂല വിധി. 5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികൾ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അഭയ കൊലക്കേസുമായി ബന്ധപ്പെട്ട ഒന്നും മൂന്നും പ്രതികളായ സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
കോട്ടയം പയസ് ടെൻത് കോൺവെന്‍റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ചത്. ഡിസംബർ 23 ന് ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു ആവശ്യം.
Adjust Story Font
16