ഐ.എന്‍.എല്ലില്‍ പൊട്ടിത്തെറി; ദേശീയ നേതൃത്വത്തിനെതിരെ അബ്ദുല്‍ വഹാബ്
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന് അഡ്ഹോക്ക് കമ്മറ്റി അധ്യക്ഷന്‍ അഹമ്മദ് ദേവര്‍കോവില്‍
സംസ്ഥാന കമ്മറ്റിയും കൗണ്‍സിലും പിരിച്ചു വിട്ട ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ തുടര്‍ന്ന് ഐ.എന്‍.എല്‍ പൊട്ടിത്തെറിയിലേക്ക്. ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന അധ്യക്ഷന്‍ എ പി അബ്ദുല്‍ വഹാബ് രംഗത്തെത്തി. തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന് അഡ്ഹോക്ക് കമ്മറ്റി അധ്യക്ഷന്‍ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
സംസ്ഥാന കമ്മറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട്, കാസിം ഇരിക്കൂര്‍ പക്ഷക്കാരനായ അഹമ്മദ് ദേവര്‍കോവിലിനെ അഡ്ഹോക്ക് കമ്മറ്റി അധ്യക്ഷനാക്കിയ ദേശീയ കൗണ്‍സില്‍ തീരുമാനം അബ്ദുല്‍ വഹാബ് പക്ഷത്തിന് കനത്ത തിരിച്ചടിയായി. അഡ്ഹോക്ക് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതുമായി സഹകരിക്കാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അബ്ദുല്‍ വഹാബ്. ഫലത്തില്‍ ഐ.എന്‍.എല്‍ സംസ്ഥാന നേതൃത്വം കാസിം പക്ഷത്തിന്‍റെ നിയന്ത്രണത്തിലേക്കു വരും. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ ജില്ലാ കമ്മറ്റികള്‍ നിലവില്‍ വരുമ്പോള്‍ കാസിം പക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ നടപടിയാണ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അബ്ദുല്‍ വഹാബ് ആരോപിക്കുന്നു. മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്ന് നേരത്തെയുണ്ടാക്കിയ വ്യവസ്ഥകള്‍ പോലും ലംഘിക്കപ്പെട്ടു. മെമ്പര്‍ഷിപ്പ് വിതരണം രഹസ്യമാക്കി നടത്തി പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. നേരത്തെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരെ വീണ്ടും സമീപിക്കാനാണ് വഹാബ് പക്ഷത്തിന്റെ തീരുമാനം. ഇതിനൊപ്പം എല്‍.ഡി.എഫ് നേതാക്കളെയും പിന്തുണക്കായി സമീപിച്ചേക്കും. സി.പി.എം എടുക്കുന്ന തീരുമാനമാകും ഇരു വിഭാഗങ്ങള്‍ക്കും നിര്‍ണായകമാവുക.
Adjust Story Font
16