കൈ കൊടുത്തപ്പോൾ കൈ വലിച്ചു കളഞ്ഞു...കടന്നു പോ എന്നാ ഒരാൾ പറഞ്ഞത്: ഡോ. അബ്ദുസ്സലാം
ലവ് ജിഹാദിനെക്കുറിച്ചും സുൽത്താൻ ബത്തേരിയുടെ ചരിത്രവും തനിക്കറിയില്ലെന്ന് അബ്ദുസ്സലാം പറഞ്ഞു.
മലപ്പുറം: പ്രചാരണത്തിനിടെ നിരവധി തിക്താനുഭവങ്ങൾ നേരിട്ടെന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥി ഡോ. അബ്ദുസ്സലാം. ഷേക്ക് ഹാൻഡ് നൽകിയപ്പോൾ ആളുകൾ കൈ വലിച്ചു കളഞ്ഞു. മഅ്ദിൻ പള്ളിയിൽ പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് ഈദ് മുബാറക്ക് പറഞ്ഞപ്പോൾ കടന്നു പോ എന്നാണ് ഒരാൾ പറഞ്ഞതെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം നല്ല അനുഭവങ്ങളുമുണ്ട്. ഇത്തവണ സാറിന് വോട്ട് ചെയ്യുമെന്ന് സി.പി.എമ്മുകാരും കോൺഗ്രസുകാരും ലീഗുകാരും തന്നെ വിളിച്ച് പറയുന്നുണ്ടെന്നും അബ്ദുസ്സലാം വ്യക്തമാക്കി. ആളുകൾ രൂക്ഷമായി പ്രതികരിച്ചപ്പോൾ തുടക്കത്തിൽ വലിയ പ്രയാസം തോന്നിയിരുന്നു. ഇപ്പോൾ വലിയ പ്രശ്‌നമില്ല. വിദ്യാഭ്യാസം നേടിയ നിരവധി പെൺകുട്ടികൾ മലപ്പുറത്തുണ്ട്. അവർക്ക് ആവശ്യമായ അവസരങ്ങൾ ഇവിടെ ലഭിക്കുന്നില്ല. വിജയിച്ചു കഴിഞ്ഞാൽ അലിഗഡ് ഓഫ് കാമ്പസിന്റെ പ്രശ്‌നങ്ങൾക്ക് മൂന്ന് മാസത്തിനുള്ളിൽ പരിഹാരമുണ്ടാക്കുമെന്നും അബ്ദുസ്സലാം പറഞ്ഞു.
ലവ് ജിഹാദിനെക്കുറിച്ചും സുൽത്താൻ ബത്തേരിയുടെ ചരിത്രവും തനിക്കറിയില്ലെന്ന് അബ്ദുസ്സലാം പറഞ്ഞു. ലവ് ജിഹാദ് താൻ നേരിട്ട് കണ്ടിട്ടില്ല. തനിക്കറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. വികസനവും ജനങ്ങളുടെ പ്രശ്‌നങ്ങളുമാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത്. നാല് വോട്ടിന് വേണ്ടി എന്തും പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16