ഗാന്ധിയെ അപമാനിച്ച അധ്യാപികക്കെതിരെ എ.ബി.വി.പി പ്രതിഷേധം; ഗോഡ്സെയുടെ ചിത്രം കത്തിച്ചു
ഗാന്ധി വധവുമായി ബന്ധപ്പെട്ട് അനേകം തെറ്റിദ്ധാരണകൾ ഉണ്ടെന്നും എന്നാൽ ആർ.എസ്.എസിന് ഗാന്ധി വധവുമായി ബന്ധമില്ലെന്നും ആർ.എസ്.എസിനെ പ്രകീർത്തിച്ച ആളാണ് ഗാന്ധിജിയെന്നും എ.ബി.വി.പി. ദേശീയ നിർവാഹക സമിതി അംഗം യദു കൃഷ്ണ പറഞ്ഞു.
കോഴിക്കോട്: ഗോഡ്സെയെ പിന്തുണച്ച എൻ.ഐ.ടി അധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് എൻ.ഐ.ടിക്ക് മുമ്പിൽ എ.ബി.വി.പി പ്രതിഷേധം.
പ്രതിഷേധിച്ച എ.ബി.വി.പി പ്രവർത്തകർ ഗോഡ്സെയുടെ ചിത്രം കത്തിച്ചു. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോഡ്സെയെ പിന്തുണച്ച അധ്യാപിക മഹാത്മാഗാന്ധിയെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് കമന്‍റിട്ടതിനെതിരെയാണ് പ്രതിഷേധമെന്ന് എ.ബി.വി.പി പ്രവർത്തകർ പറഞ്ഞു.
ഗാന്ധി വധവുമായി ബന്ധപ്പെട്ട് അനേകം തെറ്റിദ്ധാരണകൾ ഉണ്ടെന്നും എന്നാൽ ആർ.എസ്.എസിന് ഗാന്ധി വധവുമായി ബന്ധമില്ലെന്നും ആർ.എസ്.എസിനെ പ്രകീർത്തിച്ച ആളാണ് ഗാന്ധിജിയെന്നും എ.ബി.വി.പി ദേശീയ നിർവാഹക സമിതി അംഗം യദു കൃഷ്ണ പറഞ്ഞു.
പ്രൊഫസർക്കെതിരെ എൻ.ഐ.ടി ഡയറക്ടർക്കും, യു.ജി.സി ക്കും എ.ബി.വി.പി പരാതി നൽകിയിട്ടുണ്ട്.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.
Adjust Story Font
16