ബാലഭാസ്‌കറിന്റെ അപകട മരണം; പുനരന്വേഷണ ഹരജി തള്ളി
2018 സെപ്റ്റംബർ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ഒക്ടോബർ രണ്ടിനാണ് മരിച്ചത്.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച് പുനരന്വേഷണം വേണമെന്ന ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി ഉണ്ണിയാണ് കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് ബാലഭാസ്‌കറിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേസന്വേഷിച്ച സിബിഐ സംഘം തുടക്കം മുതൽ പക്ഷപാതപരമായാണ് പെരുമാറിയത്. ഇവരെ മാറ്റി പുതിയ അന്വേഷണസംഘത്തെവെച്ച് കേസ് പുനരന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാലഭാസ്‌കറിന്റെ ഫോൺ പരിശോധിക്കണമായിരുന്നു. എന്നാൽ ഫോൺ പൂർണമായും ഫോർമാറ്റ് ചെയ്ത നിലയിലായിരുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിച്ചിട്ടില്ല. സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ബാലഭാസ്‌കറിന്റെ അദ്ദേഹം പറഞ്ഞു.
2018 സെപ്റ്റംബർ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്‌കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല, ഡ്രൈവർ അർജുൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ഒക്ടോബർ രണ്ടാം തീയതിയും മരണത്തിന് കീഴടങ്ങി.
ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ അപകടം സംബന്ധിച്ച് അടിമുടി ദുരൂഹതകളുണ്ടായിരുന്നു. വാഹനമോടിച്ചിരുന്നത് ആരാണെന്ന് സംബന്ധിച്ചായിരുന്നു ആദ്യമുയർന്ന സംശയം. പരസ്പരവിരുദ്ധമായ മൊഴികൾ ദുരൂഹതയ്ക്ക് ആക്കംകൂട്ടി. ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. ഇതിനിടെയാണ് ബാലഭാസ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും മരത്തിലിടിക്കുന്നതിന് മുമ്പ് ബാലുവിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നതായും ആരോപിച്ച് കലാഭവൻ സോബി ജോർജ് രംഗത്തെത്തിയത്. ഇതിന് താൻ ദൃക്‌സാക്ഷിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ ബാലുവിന്റെ മുൻ മാനേജരായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരത്ത് സ്വർണക്കടത്ത് കേസിൽ പിടിയിലായി. ഡിആർഐ സംഘമാണ് ഇവരെ പിടികൂടിയത്. ഇതോടെയാണ് ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സംശയങ്ങളും സ്വർണക്കടത്തിലേക്കും നീണ്ടത്.
Adjust Story Font
16