Quantcast

മോഡലുകളുടെ അപകടമരണം; ദുരൂഹതകള്‍ അഴിക്കാതെ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണം എന്ന നിഗമനത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 Dec 2021 1:06 AM GMT

മോഡലുകളുടെ അപകടമരണം;  ദുരൂഹതകള്‍ അഴിക്കാതെ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്
X

എറണാകുളത്ത് മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ദുരൂഹതകള്‍ അഴിക്കാതെ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണം എന്ന നിഗമനത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. കുറ്റപത്രം മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും.

മോഡലുകള്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താതെയാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകാത്തതിനാല്‍ ഹോട്ടലുടമ റോയ് വയാലാറ്റിനെതിരെയും കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെതിരെയും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. കേസന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിലുണ്ടായ വീഴ്ച തെളിവുകള്‍ ശേഖരിക്കുന്നതിലും സംഭവിച്ചു എന്നാണ് സൂചന.

കാര്‍ ഓടിച്ചിരുന്ന അബ്ദുറഹ്മാന്‍ മദ്യപിച്ചിരുന്നു. സൈജു ഓഡി കാറില്‍ പിന്തുടര്‍ന്നതിനാലാണ് മോഡലുകള്‍ സഞ്ചരിച്ച കാര്‍ അമിത വേഗതയില്‍ പോയതെന്നും ഇവരെ പിന്തുടരാന്‍ സൈജുവിന് നിര്‍ദേശം നല്‍കിയത് ഹോട്ടലുടമ റോയ് വയലാട്ട് ആണെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കേസില്‍ അബ്ദുറഹ്മാന്‍ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചനും റോയ് വയലാട്ടും രണ്ടും മൂന്നും പ്രതികളാകും. മൂന്ന് പേര്‍ക്കെതിരെയും നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേസിലെ കുറ്റപത്രം ഈ മാസമോ ജനുവരി ആദ്യമോ കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ട അപകടം ഉണ്ടായത്. വൈറ്റില ചക്കരപ്പറമ്പിന് സമീപം നിയന്ത്രണം വിട്ട് കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം.



TAGS :

Next Story