പശ്ചിമ കൊച്ചിയില്‍ ദുരന്തനിവാരണ നിയമപ്രകാരം ടാങ്കറുകള്‍ പിടിച്ചെടുത്ത് കുടിവെളളവിതരണം നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം
പൊലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറും
എറണാകുളം: പശ്ചിമ കൊച്ചിയില്‍ ദുരന്തനിവാരണ നിയമപ്രകാരം ടാങ്കറുകള്‍ പിടിച്ചെടുത്ത് കുടിവെളളവിതരണം നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം. പൊലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറും. കുടിവെളളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കലക്ടറുടെ നടപടി.
പശ്ചിമ കൊച്ചിയില്‍ പലയിടത്തും കുടിവെളളത്തിനായി ജനങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്ന സാഹചര്യമാണുളളത്.കുടിവെളളം ജല അതോറിറ്റി നേരിട്ട് എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ടാങ്കറുകളുടെ അപര്യാപ്തത തിരിച്ചടിയായി.
ചെറിയ വഴികളില്‍ വലിയ ടാങ്കര്‍ ലോറികള്‍ എത്താത്ത സാഹചര്യവുമുണ്ട്. ഇതോടെയാണ് ദുരന്ത നിവാരണ നിയമപ്രകാരം വാഹനങ്ങള്‍ പിടിച്ചെടുത്ത് കുടിവെളളം വിതരണം ചെയ്യാന്‍ കലക്ടര്‍ തീരുമാനിച്ചത്. ഏറ്റെടുക്കുന്ന വാഹനങ്ങള്‍ മരടിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനിലെത്തിക്കും. പൊലീസിനും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും ഇതിനുളള നിര്‍ദേശം കലക്ടര്‍ നല്‍കിയിട്ടുണ്ട്. കൊച്ചി സബ്കലക്ടറുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കുക. ടാങ്കര്‍ ഉടമ അസോസിയേഷന്‍ പ്രതിനിധികള്‍, പൊലീസ്, റവന്യൂ, വാട്ടര്‍ അതോറിറ്റി, ആര്‍ടിഒ വകുപ്പ് ഉദ്യോസ്ഥരാകും കണ്‍ട്രോള്‍ റൂമിലുണ്ടാവുക. ആലുവയിലെ ജലശുദ്ധീകരണശാലയില്‍ നിന്നെത്തിക്കുന്ന വലിയ ടാങ്കറുകളിലെ വെളളം പശ്ചിമകൊച്ചിയിലെ ഉള്‍ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഏകോപിപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Adjust Story Font
16