നിയമസഭാ കൈയാങ്കളി കേസ്: കുറ്റം നിഷേധിച്ച് പ്രതികൾ; 26ന് വീണ്ടും പരിഗണിക്കും
എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ കോടതിയിൽ ഹാജരായില്ല.
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ പ്രതികൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി.
കുറ്റപത്രം വായിച്ചു കേള്‍ച്ചതിനു പിന്നാലെ പ്രതികൾ കുറ്റം നിഷേധിച്ചു. മന്ത്രി വി. ശിവന്‍കുട്ടി അടക്കം അഞ്ച് പ്രതികളാണ് ഇന്ന് കോടതിയിൽ ഹാജരായത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഹാജരായില്ല.
വി. ശിവന്‍കുട്ടിയെ കൂടാതെ കെ.ടി.ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ അജിത്കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് ഇന്ന് ഹാജരായത്. നിയസഭയിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ തങ്ങൾക്ക് ഇതുവരെ നൽകിയില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നത് സെപ്തംബർ 26ലേക്ക് മാറ്റി. 26ന് ഇ.പി ജയരാജൻ ഹാജരാകുമെന്നാണ് വിവരം.
കുറ്റപത്രം വായിച്ച് കേട്ടശേഷം പ്രതികരിക്കാമെന്നും കുറ്റപത്രം ഏകപക്ഷീയമാണെങ്കിൽ നിരപരാധിത്വം തെളിയിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
നേരത്തെ പ്രതികള്‍ വിചാരണ നടപടിക്ക് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി അന്ത്യശാസനം നല്‍കിയത്. ഇല്ലെങ്കിൽ വാറന്റ് പുറപ്പെടുവിക്കുമെന്ന സാഹചര്യത്തിലാണ് പ്രതികൾ ഹാജരായത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍. രേഖയാണ് കേസ് പരിഗണിക്കുന്നത്. കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജിയും പ്രതികളുടെ വിടുതല്‍ ഹരജിയും മേല്‍ക്കോടതികള്‍ തള്ളിയതോയെടണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം. രണ്ട് ലക്ഷത്തി പതിനാലായിരം രൂപയുടെ നാശനഷ്ടം നിയമസഭയ്ക്കുണ്ടാക്കി എന്നാണ് പൊലീസ് കേസ്.
Adjust Story Font
16