Quantcast

രക്തഹാരം അണിയിച്ച് സ്വീകരിച്ചത് വധശ്രമക്കേസ് പ്രതിയെ; കാപ്പക്കും കഞ്ചാവിനും പിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വിവാദം

എസ് എഫ്.ഐ.പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മിൽ ചേർന്നത്

MediaOne Logo

Web Desk

  • Published:

    12 July 2024 11:07 AM GMT

pathanamthitta cpm
X

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്നവരിൽ വധശ്രമക്കേസിലെ പ്രതിയും. എസ് എഫ്.ഐ.പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മിൽ ചേർന്നത്. കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രൻ സിപിഎമ്മിൽ ചേർന്നത് നേരത്തെ വിവാദമായിരുന്നു.

പത്തനംതിട്ട സിപിഎമ്മിനെ വിട്ടൊഴിയാതെ വിവാദങ്ങൾ പിന്തുടരുന്നതിനിടെയാണ് സംഭവം. വെള്ളിയാഴ്‌ചയാണ് സുധീഷിനെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത്. ഇയാൾക്ക് പുറമെ ബിജെപി വിട്ടുവന്ന 61 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്നാണ് സ്വീകരണം നൽകിയത്. ഇതിൽ പ്രധാനിയായ ശരൺ ചന്ദ്രൻ എന്നയാൾ കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നതോടെ വിവാദങ്ങൾക്ക് തിരികൊളുത്തി,

പിന്നാലെ യദു കൃഷ്‌ണനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയതും തിരിച്ചടിയായി. ഒടുവിലിതാ എസ്എഫ്ഐ പ്രവർത്തകനെ കൊല്ലാൻ ശ്രമിച്ച പ്രതിയെ മാലയിട്ട് സ്വീകരിച്ചുവെന്ന വിവരം കൂടി പുറത്തുവന്നതോടെ വെട്ടിലായിക്കുകയാണ് പാർട്ടി.

2023 നവംബറിൽ എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതിയായ ശരൺ ചന്ദ്രൻ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്തിരുന്നു. കേസിൽ സുധീഷ് നാലാംപ്രതിയാണ്. ഇയാൾ ഒളിവിലാണെന്നാണ് പത്തനംതിട്ട പൊലീസ് പറയുന്നത്. ഇതിനിടെയാണ് സുധീഷിനെ രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

സിപിഎം ക്രിമിനലുകളുടെ പാർട്ടിയെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ കുരുക്ക്. പാർട്ടിയിലേക്ക് വന്നവരുടെ പശ്ചാത്തലം പരിശോധിച്ചില്ലേ എന്ന ചോദ്യത്തിന് വാദികളായ എസ്എഫ്ഐക്കാരും പ്രതികളും ചേർന്ന് കോടതി വഴി കേസ് ഒത്തുതീർപ്പാക്കുമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ മറുപടി.

എസ്എഫ്ഐ പ്രവർത്തകർ വാദികളായ കേസ് ഒത്തുതീർപ്പാക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി തന്നെ വധശ്രമക്കേസിൽ പെട്ടയാളായിരുന്നു എന്ന് കോൺഗ്രസ് പ്രവർത്തകൻ പഴകുളം മധു മീഡിയവണിനോട് പറഞ്ഞു. സിപിഎമ്മിന് അതൊന്നും ഒരു വിഷമല്ല, വല്ലാത്തൊരു പാർട്ടിയാണിതെന്നും പഴകുളം മധു പറഞ്ഞു.

TAGS :

Next Story