സൈക്കിൾ ചോദിച്ചതിന് മകളെയും ഭാര്യയെയും ആക്രമിച്ച പ്രതിയെ പിടികൂടിയില്ല
ഒമ്പത് വയസ്സുകാരിയുടെ കൈ പിടിച്ച് ഒടിക്കുകയും ചൂടുവെള്ളം ഒഴിക്കുകയും ചെയ്ത മേടോത്ത് ഷാജി ഇപ്പോഴും ഒളിവില്‍

കോഴിക്കോട്: താമരശ്ശേരിയിൽ മകളെയും ഭാര്യയെയും ആക്രമിച്ച കേസിൽ പരപ്പൻപൊയിൽ സ്വദേശി മേടോത്ത് ഷാജിയെ ഇതുവരെ പൊലീസ് പിടികൂടിയില്ല. ഷാജിയുടെ അറസ്റ്റ് വൈകുന്നതിൽ ഉന്നതരുടെ സ്വാധീനമുണ്ടോയെന്ന് സംശയിക്കുന്നതായി ഭാര്യയുടെ കുടുംബം പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് താമരശേരി പോലീസ് നൽകുന്ന വിവരം.
സൈക്കിൾ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടതിനാണ് ഷാജി ഒമ്പത് വയസ്സുകാരിയുടെ കൈ പിടിച്ച് ഒടിച്ചത്. ചൂടുവെള്ളവും കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ഭാര്യ ഫിനിയയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തിരുന്നു. ഈ മാസം ഏഴിനാണ് സംഭവം നടന്നത്. പരാതിയിൽ താമരശേരി പൊലീസ് കേസെടുത്തെങ്കിലും ഷാജിയെ പിടികൂടിയിട്ടില്ല. അറസ്റ്റ് വൈകുന്നതിൽ ആശങ്കയിലാണ് ഭാര്യ ഫിനിയയും കുടുംബവും. പന്ത്രണ്ട് വർഷത്തെ കുടുംബജീവിതത്തിനിടെ പല തവണ മകൾ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് ഫിനിയയുടെ മാതാവ്ഫൗസിയ പറഞ്ഞു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തനിക്കൊപ്പമുണ്ടെന്നും നിങ്ങൾക്കെന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും ഷാജി ഭീഷണിപ്പെടുത്തിയതായി ഫൗസിയ പറയുന്നു.
പിതാവിന്റെ ക്രൂരകൃത്യം ഒമ്പതുവയസ്സുകാരിയെ മാനസികമായി തളർത്തിയിട്ടുണ്ട്. ഗുരുതരമായ പൊള്ളലേറ്റ കുട്ടിക്ക് ശരിക്ക് കിടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് കുടുംബം പറയുന്നു. അറസ്റ്റ് വൈകുന്നതിൽ ആശങ്ക അറിയിച്ച് വടകര റൂറൽ എസ്പിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഫിനിയയും കുടുംബവും.
Adjust Story Font
16