Quantcast

'ഫയർബ്രാൻഡ്' അച്ചു; കോൺഗ്രസിന് പുതുപ്പള്ളിയിൽനിന്നു ലഭിച്ച പുത്തൻ താരോദയം

സ്വന്തം താൽപര്യത്തിലല്ലാതെ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കു വലിച്ചിഴക്കപ്പെടുകയായിരുന്നു അച്ചു. എന്നാൽ, എതിരാളികൾ കരുതിയ പോലെയായിരുന്നില്ല; കൃത്യവും വ്യക്തവും ചടുലവുമായ മറുപടികൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു അവർ

MediaOne Logo

Web Desk

  • Updated:

    2023-09-09 07:21:19.0

Published:

8 Sep 2023 4:35 PM GMT

ഫയർബ്രാൻഡ് അച്ചു; കോൺഗ്രസിന് പുതുപ്പള്ളിയിൽനിന്നു ലഭിച്ച പുത്തൻ താരോദയം
X

കോട്ടയം: ജനം വൻ ഭൂരിപക്ഷത്തിനു വിജയം സമ്മാനിച്ചത് ചാണ്ടി ഉമ്മനാണെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജനഹൃദയം കീഴടക്കിയ താരം സഹോദരി അച്ചു ഉമ്മനാകുമെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. ഇടതു സൈബർ പോരാളികൾ ചോദിച്ചുവാങ്ങിയ പണിയായിരുന്നു അച്ചു എന്നു തന്നെ പറയാം. അനാവശ്യമായി പൊതുജനമധ്യത്തിൽ വളിച്ചിഴക്കപ്പെട്ടപ്പോൾ അതൊരു അവസരമാക്കിയെടുക്കുകയും ചെയ്തു അവർ. എന്നാൽ, എതിരാളികൾ കരുതിയ പോലെയായിരുന്നില്ല; കൃത്യവും വ്യക്തവും ചടുലവുമായ മറുപടികൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു അച്ചു. തെരഞ്ഞെടുപ്പിന്റെ ഓളങ്ങൾ തീരുമ്പോൾ കോൺഗ്രസിനു വീണുകിട്ടിയ ഒരു വൈബ്രന്റ് നേതാവാകുകയാണ് അച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ചൊല്ലി ചർച്ചകൾ ആരംഭിച്ചിരുന്നു. ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ ആരാകും സ്ഥാനാർത്ഥിയെന്ന തരത്തിലായിരുന്നു ചർച്ച. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനകത്ത് അഭിപ്രായ ഭിന്നത എന്ന തരത്തിൽ എതിരാളികൾ തുടക്കംതൊട്ടേ ചർച്ചകൾ ആരംഭിച്ച ഘട്ടത്തിലാണ് അച്ചു മാധ്യമങ്ങൾക്കു മുന്നിലെത്തുന്നത്; വ്യക്തതയുള്ള മറുപടികളുമായി. കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടിയാണെന്നും മറ്റാരും സ്ഥാനാർത്ഥിയാകില്ലെന്നും അവർ വ്യക്തമാക്കി. സ്വയം കഴിവുകൊണ്ടല്ലാതെ മറ്റെന്തെങ്കിലും ആനുകൂല്യത്തിൽ തങ്ങൾ രാഷ്ട്രീയരംഗത്തെത്തുന്നതിനോട് അച്ഛനു താത്പര്യമുണ്ടായിരുന്നില്ലെന്നും അച്ചു വ്യക്തമാക്കി.

അതു കഴിഞ്ഞ് സ്ഥാനാർത്ഥി പ്രഖ്യാപനവും കഴിഞ്ഞ് അച്ചു പൊതുരംഗത്തുനിന്നു പിന്മാറിയതായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മറുപടിയായി ഇടത് അനുകൂല സൈബർ പോരാളികൾ അവരെ സോഷ്യൽ മീഡിയയുടെ നടുവിലേക്ക് വലിച്ചിട്ടു. അച്ചുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവർ തന്നെ പങ്കുവച്ച ചിത്രങ്ങളായിരുന്നു പോരാളികൾ ആയുധമാക്കിയത്. അവരുടെ വസ്ത്രങ്ങൾ മുതൽ ചെരിപ്പും ബാഗും യാത്രകൾ വരെ ചർച്ചയായി. ഗുച്ചി ഉൾപ്പെടെയുള്ള ആഡംബര ബാഗുകളും സബ്യസാചിയുടെ വസ്ത്രവും അവരുടെ സ്റ്റൈലിഷ് ലുക്ക് വരെ പുറത്തേക്കു വലിച്ചിടപ്പെട്ടു.

കടുത്ത സൈബർ ആക്രമണങ്ങൾക്കൊടുവിൽ വീണ്ടും അച്ചു മാധ്യമങ്ങൾക്കുമുന്നിലെത്തി. ഇത്തവണ കുറച്ചുകൂടി കനത്തിലായിരുന്നു വരവ്. തന്റെയും ഭർത്താവിന്റെയും തൊഴിലും ബിസിനസും ഇഷ്ടങ്ങളുമെല്ലാം വിശദീകരിച്ച അവർ അച്ഛന്റെ സ്വാധീനത്തിന്റെ മറവിൽ ഒന്നും നേടിയിട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. അച്ചുവിന് ശരിക്കും ഹീറോ പരിവേഷം നൽകുന്നതായി ആ വിവാദവും അതേതുടർന്നുള്ള അവരുടെ വാർത്താസമ്മേളനങ്ങളും.

മറുവശത്ത് വീണയും മുഖ്യമന്ത്രിയും ആരോപണങ്ങളെക്കുറിച്ച് ഒരുവാക്കുപോലും ഉരിയാടാത്ത ഘട്ടത്തിൽ ഇതിന് ഇരട്ടി പ്രഹരശേഷിയുണ്ടായിരുന്നു. ചാണ്ടി ഉമ്മനുവേണ്ടി പ്രചാരണരംഗത്തും സജീവമായി അച്ചു പിന്നീട്. പലപ്പോഴും കുറിക്ക് കൊള്ളുന്ന രാഷ്ട്രീയ പ്രതികരണങ്ങളുമായും അവർ മാധ്യമങ്ങൾക്കു മുന്നിൽ നിറഞ്ഞുനിന്നു.

പഠനകാലത്ത് കെ.എസ്.യുവിന്റെ തീപ്പൊരി നേതാവായിരുന്ന അച്ചു ഉമ്മൻ പിന്നീട് രാഷ്ട്രീയവേദികളിലൊന്നും സജീവമായിരുന്നില്ല. എന്നാൽ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹോദരനു വോട്ട് ചോദിച്ച് അച്ചു മുഴുസമയ രാഷ്ട്രീയപ്രവർത്തകയുടെ കുപ്പായം ഒരിക്കൽകൂടി ഉടുത്തു. മണ്ഡലപര്യടനങ്ങളിൽ മുന്നിൽതന്നെ അച്ചുവുമുണ്ടായിരുന്നു.

പലപ്പോഴും ചാണ്ടി ഉമ്മനെക്കാൾ മൂർച്ഛയോടെ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തി അച്ചു പെട്ടെന്ന് ശ്രദ്ധ നേടി. എതിർപക്ഷത്തിന്റെ സൈബറാക്രമണങ്ങളും മറുവശത്ത് ശക്തമായി. അപ്പോഴും അച്ചു ഉമ്മന്റെ പ്രതികരണങ്ങൾ വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകൾ ഉപയോഗിച്ചായിരുന്നു. വിവാദങ്ങൾ ഒരു വഴിക്ക് നടക്കുന്നതിനിടെ അച്ചു ഉമ്മന്റെ ഫാഷൻ സെൻസിന് പ്രത്യേക ഫാൻ ബേസും ഉയർന്നുവന്നിട്ടുണ്ട്. അച്ചു ഉമ്മന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിന്റെ ഫോളോവേഴ്സ് ദിവസങ്ങൾക്കുള്ളിൽ ലക്ഷങ്ങളുടെ കുതിപ്പുണ്ടാക്കി. ഇപ്പോഴത് 2.10 ലക്ഷവും കടന്നു കുതിക്കുകയാണ്.

എന്തു പറയണം, എന്തു പറയരുത് എന്നു നല്ല തീർച്ച ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു. അച്ചു ഉമ്മനും ആ വൈഭവം നല്ലതുപോലെ കാണിച്ചു. അച്ചു ഉമ്മൻ രാഷ്ട്രീയത്തിൽ സജീവമാകുമോ എന്ന് ഇനിയും വ്യക്തമല്ല. സജീവമായാലും ഇല്ലെങ്കിലും അവരുടെ രാഷ്ട്രീയവൈഭവം കൈയടി നേടിക്കഴിഞ്ഞു. അച്ചുവിനെ കോൺഗ്രസ് നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിപ്പിക്കണമെന്നുമെല്ലാമുള്ള മുറവിളികൾ സോഷ്യൽ മീഡിയയിൽ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉയർന്നു തുടങ്ങിയിരിക്കുകയാണ്.

Summary: Achu Oommen the star of the Puthuppally by-election

TAGS :

Next Story