കെ.എൻ.എ ഖാദറിനെതിരായ നടപടി: ലീഗ് നേതൃത്വത്തിൽ ആശയക്കുഴപ്പം, താക്കീതിൽ ഒതുക്കിയേക്കും
നേതൃതലത്തിൽ വിശദമായ കൂടിയാലോചനക്ക് ശേഷമാകും പാർട്ടി ഔദ്യോഗിക നിലപാട് വിശദീകരിക്കുക
മലപ്പുറം: കെ.എന്‍.എ ഖാദർ, ആര്‍.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിൽ മുസ്‌ലിം ലീഗ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും ഖാദറിനെതിരെ കടുത്ത നടപടിയുണ്ടാവില്ല. സാംസ്കാരിക പരിപാടി എന്ന നിലക്കാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന നിലപാടിലാണ് കെ.എന്‍.എ ഖാദർ. ഇത് പരിഗണിച്ച്, ജാഗ്രതക്കുറവ് എന്ന താക്കീതില്‍ നടപടി ഒതുക്കാനാണ് ലീഗ് നേതൃത്വത്തില്‍ ഇപ്പോഴുള്ള ആലോചന.
ആര് വിളിച്ചാലും ചാടിക്കേറി പോകേണ്ടവരല്ല ലീഗുകാര്‍ എന്ന നിലപാട് സാദിഖലി തങ്ങള്‍ പറയുമ്പോഴും ഖാദറിനെതിരായ നടപടിയിൽ ആശയക്കുഴപ്പം ലീഗ് നേതൃത്വത്തിനുണ്ട് . മത സൗഹാർദ സാംസ്‌കാരിക പരിപാടി എന്ന നിലക്കാണ് കേസരി മന്ദിരത്തിലെ പരിപാടിയിൽ പങ്കെടുത്തതെന്നാണ് കെ.എന്‍.എ ഖാദറിന്റെ വിശദീകരണം. സാദിഖലി തങ്ങളുടെ ജില്ലാ തല പര്യടനത്തിലെ സൗഹാർദ സമ്മേളനങ്ങള്‍ക്ക് സമാനമാണിതെന്ന് കൂടി പരോക്ഷമായി പറഞ്ഞതോടെ പ്രതിരോധത്തിലായത് നേതൃത്വമാണ്.
തിടുക്കത്തിൽ കടുത്ത നടപടിയിലേക്ക് പോയാല്‍ മതതാത്പര്യ നടപടിയായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട് . ജില്ലാ സൗഹാര്‍ദ സദസുകള്‍ വഴി യു.ഡി.എഫിന്റെ അടിത്തറ തിരികെപ്പിടിക്കാനുള്ള പ്രയത്നത്തിലാണ് ലീഗ്. അത്തരം ശ്രമങ്ങളെയും ഖാദറിനെതിരായ നടപടി ദുര്‍ബലപ്പെടുത്തിയേക്കുമെന്ന് കൂടി ലീഗ് നേതൃത്വം വിലയിരുത്തുന്നു. പതിവിന് വിപരീതമായി ഖാദറിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കുന്നുണ്ട് ലീഗ് നേതാക്കളെല്ലാം. സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഖാദറിനെതിരെ നടപടി ഇല്ലെങ്കിൽ അണികള്‍ അതെങ്ങനെയെടുക്കുമെന്ന ആധിയും ലീഗിനുണ്ട്.
രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കാനുള്ള സാധ്യതയും നേതൃത്വം തള്ളുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് കരുതലോടെയായിരിക്കും ലീഗ് നീക്കം. നേതൃതലത്തിൽ വിശദമായ കൂടിയാലോചനക്ക് ശേഷമാകും പാർട്ടി ഔദ്യോഗിക നിലപാട് വിശദീകരിക്കുക
Summary- Action Against KNA Khader -IUML Decision
Adjust Story Font
16