ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചത് വിശദമായ പഠനത്തിന് ശേഷം; ടെസ്റ്റിനാവശ്യം 240 രൂപയുടെ സംവിധാനങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി
ടെസ്റ്റ് നടത്താനാവശ്യമായ മനുഷ്യ വിഭവം കൂടി കണക്കിലെടുത്താണ് നിരക്ക് 500 രൂപയായി നിശ്ചയിച്ചത്.
സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ചത് വിശദമായ പഠനത്തിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങള്‍ക്ക് വരുന്ന ചിലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താനാവശ്യമായ മനുഷ്യ വിഭവം കൂടി കണക്കിലെടുത്താണ് നിരക്ക് 500 രൂപയായി നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍, ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ലാബുകൾ സ്വീകരിക്കരുത്. വിമുഖത കാണിക്കുന്നത് അംഗീകരിക്കില്ലെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില ലാബുകള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു പകരം ചെലവ് കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ നിര്‍ബന്ധിക്കുന്നതായി വാര്‍ത്തകള്‍ ഉയരുന്നുണ്ട്. ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്കുകള്‍ കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. 1700 രൂപയില്‍ നിന്ന് 500 രൂപയായാണ് കുറച്ചത്. എന്നാല്‍, 500 രൂപ അപര്യാപ്തമാണെന്നും സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ലാബുടമകളുടെ നിലപാട്. സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
Adjust Story Font
16