Quantcast

വിജയ് ബാബുവിനെതിരായ നടപടി: അമ്മ എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും

വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഐ.സി.സി മുന്നോട്ട് വെച്ചിരിക്കുന്നത്

MediaOne Logo

ijas

  • Updated:

    2022-05-01 01:13:07.0

Published:

1 May 2022 1:11 AM GMT

വിജയ് ബാബുവിനെതിരായ നടപടി: അമ്മ എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും
X

കൊച്ചി: പീഡനകേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരായ നടപടി ആലോചിക്കാൻ താരസംഘടനയായ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ഇന്ന് ചേരും. നടനെതിരെ നടപടി വേണമെന്ന സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാർശയും യോഗം പരിഗണിക്കും. ഇന്ന് വൈകിട്ടാണ് അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. പീഡന ആരോപണത്തിൽ വിജയ് ബാബുവിന്‍റെ വിശദീകരണം സംഘടന തേടിയിരുന്നു. വിജയ് ബാബുവിന്‍റെ വിശദീകരണം അംഗങ്ങളെ അറിയിച്ച ശേഷമാകും നടപടി ചർച്ച ചെയ്യുക.

ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച ചേർന്ന ഐ.സി.സി യോഗത്തിൽ തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇന്ന് പരിഗണിക്കും. വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഐ.സി.സി മുന്നോട്ട് വെച്ചിരിക്കുന്നത്. ശ്വേതാ മേനോനാണ് ഐ.സി.സിയുടെ ചെയര്‍ പേഴ്സണ്‍. മാലാ പാര്‍വ്വതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, തുടങ്ങിയവരാണ് ഐ.സി.സി അംഗങ്ങള്‍. അമ്മയുടെ നിലവിലെ ബൈ ലോ അനുസരിച്ച് അംഗത്വം റദ്ദാക്കാൻ പരിമിതികൾ ഉണ്ട്. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എന്ന നിലവിലെ സ്ഥാനത്തു നിന്ന് വിജയ് ബാബുവിനെ തരംതാഴ്ത്താനാണ് സാധ്യത. മോഹൻലാലിന്‍റെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു എക്സിക്യൂട്ടീവ് അംഗം ആയത്. ഗോവയിലുള്ള അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ യോഗത്തിൽ നേരിട്ട് പങ്കെടുത്തേക്കില്ല. അതെ സമയം വിജയ് ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Action against Vijay Babu: Amma executive meeting to be convened today

TAGS :

Next Story