കരിങ്കൊടി-പോസ്റ്റർ പ്രതിഷേധം തടയാൻ പാർട്ടി ഓഫീസിൽ ക്യാമറ; കടുത്ത നടപടികളുമായി പത്തനംതിട്ട ഡിസിസി പ്രസിഡന്റ്
അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്ന ഡിസിസി പ്രസിഡൻ്റിനു കെ.പി.സി.സി നേതൃത്വത്തിന്റെ ഉറച്ച പിന്തുണയുണ്ട്
കെ.പി.സി.സി പുനസംഘടനാ പ്രഖ്യാപനത്തിനു മുൻപേ പത്തനംതിട്ടയിലെ കോൺഗ്രസ് സംവിധാനം അടിമുടി പരിഷ്കരിക്കാനുള്ള പരിശ്രമത്തിലാണ് ഡി.സി.സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ . കരിങ്കൊടി - പോസ്റ്റർ പ്രതിഷേധങ്ങളെ തടയിടാൻ പാർട്ടി ഓഫീസിൽ ക്യാമറ സ്ഥാപിച്ച് തുടങ്ങിയ അദ്ദേഹം പുതിയ സംഘടനാ കമ്മറ്റികൾക്കും രൂപം നൽകി കഴിഞ്ഞു. അച്ചടക്കലംഘനത്തിൻ്റെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലെന്ന് വ്യക്തമാക്കുന്ന സതീഷിന് കെ.പി.സി.സി നേതൃത്വവും ഉറച്ച പിന്തുണയാണ് നൽകുന്നത്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളും കൈവിട്ട അവസ്ഥ, കുത്തഴിഞ്ഞ സംഘടനാ സംവിധാനം , പാർട്ടി ഓഫീസിൽ കരിങ്കൊടി കെട്ടി പോലും പ്രതിഷേധിക്കുന്ന അണികൾ തുടങ്ങിയ പ്രതിസന്ധിയുടെ കയത്തിലാണ് പത്തനംതിട്ടയിലെ കോൺഗ്രസ്. എന്നാൽ ഇതിനെല്ലാം സമൂല മാറ്റം ഉണ്ടാക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സതീഷ് കൊച്ചുപറമ്പിൽ . പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചവരെ കണ്ടെത്താൻ പ്രത്യക സമിതി രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തിയാൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ഡി.സി.സി പ്രസിഡൻ്റ് പറഞ്ഞു.
അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന സതീഷിന് കെ.പി.സി.സി നേതൃത്വത്തിൻ്റെ ഉറച്ച പിന്തുണയുണ്ട്. അതുകൊണ്ട് തന്നെയാണ് സ്വന്തം പണം മുടക്കി പാർട്ടി ഓഫീസിൽ സി.സി ടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ കേവല നടപടികളിലൊതുക്കാതെ താഴെ തട്ടുമുതലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സംഘടനാ സമിതികൾ രൂപീകരിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ഡി.സി.സി പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
എ ഗ്രൂപ്പിന് മേധാവിത്വവും ഐ ഗ്രൂപ്പിന് സ്വാധീനവുമുള്ള പത്തനംതിട്ടയിൽ ഓട്ടേറെ കടമ്പകൾ മറികടന്നു വേണം പുതിയ നേതൃത്വത്തിനു പ്രവർത്തിച്ചു തുടങ്ങാൻ. എന്നാൽ ഗ്രൂപ്പുകളില്ലെന്ന പൊതുവികാരം പങ്കുവെയ്ക്കുമ്പോഴും പുന:സംഘടനയെ തുടർന്നുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ വെല്ലുവിളിയാകുമെന്നും സതീഷ് പറയുന്നു.
Adjust Story Font
16