'അർഹരായവർക്ക് പുതിയ പട്ടയം': രവീന്ദ്രൻ പട്ടയം ക്രമവത്കരിക്കല്‍ ഉടന്‍ തുടങ്ങുമെന്ന് കലക്ടര്‍
രവീന്ദ്രൻ പട്ടയങ്ങളെന്ന പേരിൽ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിലായി വിതരണം ചെയ്ത 530 പട്ടയങ്ങളാണ് നിയമ സാധ്യതയില്ലാത്തതിനാൽ റദ്ദ് ചെയ്യാനൊരുങ്ങുന്നത്
രവീന്ദ്രൻ പട്ടയങ്ങൾ ക്രമവത്കരിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ഉത്തരവിൽ പറഞ്ഞ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടർ ഷീബാ ജോർജ്. പുതിയ അപേക്ഷകൾ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും വകുപ്പുതലത്തിൽ ഇതിനായി പ്രത്യേക ടീം രൂപീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
രവീന്ദ്രൻ പട്ടയങ്ങളെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി വിതരണം ചെയ്ത 530 പട്ടയങ്ങളാണ് നിയമ സാധ്യതയില്ലാത്തതിനാൽ റദ്ദ് ചെയ്യാനൊരുങ്ങുന്നത്. കണ്ണൻ ദേവൻ വില്ലേജ് ഭൂമി വീണ്ടെടുപ്പു നിയമ പ്രകാരം പട്ടയം നൽകാൻ കലക്ടർക്ക് മാത്രം അധികാരമുള്ള കെ.ഡി.എച്ച് വില്ലേജിൽ വിതരണം ചെയ്ത 127 പട്ടയങ്ങൾ പ്രത്യേകം പരിശോധിക്കും. ആകെ 4251 ഹെക്ടർ ഭൂമിക്കാണ് പട്ടയം നൽകിയത്. അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നവരുടെ പട്ടയം റദ്ദാക്കി അർഹരായവർക്ക് പുതിയ പട്ടയം നൽകുന്നതിനുള്ള നടപടികൾക്കാണ് റവന്യൂ വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.
അതേസമയം കൃഷിഭൂമിയെന്നു കാണിച്ച് കൈവശപ്പെടുത്തിയ പട്ടയ ഭൂമിയിൽ വൻകിട റിസോർട്ടുകളും പാർട്ടി ഓഫീസുകളും നിലനിൽക്കുമ്പോൾ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പട്ടയം കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് ഇടത്തരം കർഷക കുടുംബങ്ങൾ.
Adjust Story Font
16