മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ നടപടി എടുക്കണം: കെ.യു.ഡബ്ല്യൂ.ജെ
നടപടി ആവശ്യപ്പെട്ട് യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ക്യാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനുളളിൽ ഗുണ്ടായിസം കാണിച്ച ജീവനക്കാരുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.
ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. മന്ത്രി എം ബി രാജേഷിന്റെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാനാണ് മാധ്യമ പ്രവർത്തകർ സെക്രട്ടേറിയറ്റിൽ എത്തിയത്. വാർത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സെക്രട്ടേറിയറ്റിനുളളിലെ സബ് ട്രഷറിക്ക് മുന്നിൽ ഒരു കൂട്ടം ജീവനക്കാർ മറ്റൊരു ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുന്നതും അസഭ്യം പറയുന്നതും മീഡിയവൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക്കിന്റെ ശ്രദ്ധയിൽ പെട്ടു. അവിടേക്ക് ചെന്ന ആഷിക്കിന്റെ ഫോൺ പിടിച്ചു വാങ്ങാൻ സംഘർഷത്തിൽ ഏർപ്പെട്ട ചില ഉദ്യോഗസ്ഥർ ശ്രമിച്ചു. മീഡിയവൺ ക്യാമറമാൻ സിജോ സുധാകരനെ ഇവർ കൈയ്യേറ്റം ചെയ്യുകയും ക്യാമറയിൽ അടിക്കുകയും ചെയ്തു. ക്യാമറ തല്ലി പൊട്ടിക്കുമെന്നും ഇവരിൽ ഒരാൾ ഭീഷണിപ്പെടുത്തി. മീഡിയവൺ ഡ്രൈവർ സജിൻലാലിനെയും ഇവർ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
Adjust Story Font
16