പീഡനശ്രമ കേസ് റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്‍റെ ഹരജിയിൽ ഇന്ന് തുടർവാദം കേള്‍ക്കും
പരാതിക്കാരി ഇമെയിൽ വഴി ഒത്തുതീർപ്പിന് ശ്രമിച്ചതായും സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന ആരോപണം വ്യാജമാണെന്നും ഉണ്ണിമുകുന്ദൻ്റെ അഭിഭാഷകനായ സൈബി വാദിച്ചിരുന്നു
കൊച്ചി: പീഡനശ്രമപരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണിമുകുന്ദൻ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് തുടർവാദം കേൾക്കും. പരാതിക്കാരി ഇമെയിൽ വഴി ഒത്തുതീർപ്പിന് ശ്രമിച്ചതായും സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന ആരോപണം വ്യാജമാണെന്നും ഉണ്ണിമുകുന്ദൻ്റെ അഭിഭാഷകനായ സൈബി വാദിച്ചിരുന്നു. കേസിൽ നീതി ലഭിക്കണമെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബെഞ്ചാണ് ഹരജിയിൽ വാദംകേൾക്കുക.
2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു.
എന്നാൽ തന്‍റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
Adjust Story Font
16