നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു
കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ അടുത്തയാഴ്ച കോടതി വിസ്തരിക്കും
നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. സമൻസ് അയച്ചിട്ടും വിഷ്‌ണു വിചാരണക്ക് ഹാജരാവാത്തതിനെ തുടർന്നാണ് നടപടി. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിഷ്ണു. കേസിലെ പ്രതിയായിരിക്കെ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിനെഴുതിയ കത്ത് വിഷ്ണു കണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജയിലിന് പുറത്തിറങ്ങിയ വിഷ്ണു പിന്നീട് ഈ കത്ത് ദിലീപിന്‍റെ ഡ്രൈവര്‍ അപ്പുണിക്ക് വാട്ട്സ്ആപ്പ് വഴി കൈമാറി. ഇത് കണ്ടെത്തിയ പൊലീസ് വിഷ്ണുവിനെ പത്താം പ്രതിയാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ വിഷ്ണു കുറ്റസമ്മതം നടത്തുകയും മാപ്പുസാക്ഷിയാകാന്‍ തയ്യാറാകുന്നതും. കേസിലെ വിസ്താരത്തിന് പല തവണ കോടതി സമന്‍സ് അയച്ചിട്ടും വിഷ്ണു ഹാജരായിരുന്നില്ല. ഇതോടെയാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് അയക്കാന്‍ കോടതി തീരുമാനിച്ചത്. വിഷ്ണുവിനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതെ സമയം പൊലീസ് അന്വേഷണത്തിലും വിഷ്ണുവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈയടുത്ത കാലത്ത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സക്ക് വിഷ്ണു ഒ.പി ടിക്കറ്റ് എടുത്തതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പക്ഷേ ഇയാള്‍ എവിടെയാണെന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല.
നടിയെ ആക്രമിച്ച കേസില്‍ ഇത് വരെ 176ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു കഴിഞ്ഞു. 350 ലധികം സാക്ഷികളാണ് കേസിലുള്ളത്. ഇനിയും സിനിമാ മേഖലയിലുള്ള പ്രധാന സാക്ഷികളെ വിസ്തരിക്കാനുണ്ട്. കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ അടുത്തയാഴ്ച കോടതി വിസ്തരിക്കും. ആറ് മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം. അടുത്ത മാസത്തോടെ സുപ്രീം കോടതി അനുവദിച്ച സമയം അനുവദിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്. ഇനിയും ആറ് മാസം സമയം വേണമെന്നാണ് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Adjust Story Font
16