Quantcast

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്

മൂന്ന് തവണയായി മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതായി കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    10 April 2024 8:11 AM GMT

Actress case
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പുറത്ത് . മൂന്ന് തവണയായി മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതായി കണ്ടെത്തി . അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജ‍ഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. 2018 ഡിസംബർ 13 ന് ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ് മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ചുവെന്നും കണ്ടെത്തൽ.

മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നടിക്ക് നൽകാൻ ഫെബ്രുവരിയില്‍ ഹൈക്കോടതി നിർദേശിച്ചിരുന്നു. നടിയുടെ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പകർപ്പ് വേണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.നടിക്ക് പകർപ്പ് കൈമാറുന്നതിനെയും ദിലീപ് എതിർത്തിരുന്നു.എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയ സംഭവം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസാണ് അന്വേഷിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്‍റെ അവകാശം ലംഘിക്കപ്പെട്ടുവെന്നായിരുന്നു നടിയുടെ വാദം. എന്നാൽ നടിയുടെ വാദം അംഗീകരിക്കരുതെന്നും റിപ്പോർട്ട് രഹസ്യരേഖയാക്കി വെക്കണമെന്നും പ്രതിയായ ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ ജസ്റ്റിസ് കെ. ബാബു പകർപ്പിനായി ദിലീപ് അപേക്ഷ നൽകിയിട്ടുണ്ടോ എന്നും ചോദിച്ചു. മെമ്മറി കാർഡ് പരിശോധിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ക്രമിനൽ നടപടി ചട്ടപ്രകാരം കുറ്റക്കാർക്കെതിരെ നടപടി എടുക്കാമെന്നാണ് ഹൈക്കോടതി നിർദേശം.

TAGS :

Next Story