നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിത
വിചാരണ കോടതിയിലാണ് ഹരജി നൽകിയത്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹരജി നൽകി. വിചാരണ കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ പൊലീസ് വ്യാജതെളിവുകൾ ഉണ്ടാക്കി എന്ന് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ ആരോപിച്ചിരുന്നു.
കേസിലെ അന്തിമവാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു നടപടി. ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. 2018 മാർച്ചിൽ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വർഷങ്ങൾക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്.
കേസിൽ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂർത്തിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഒരു മാസത്തിനകം അന്തിമവാദത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാനാണ് സാധ്യത.
Adjust Story Font
16