Quantcast

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരായ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

ഹരജിയിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസയച്ചു.

MediaOne Logo

Web Desk

  • Updated:

    2021-12-28 07:50:05.0

Published:

28 Dec 2021 7:39 AM GMT

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്കെതിരായ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
X

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. ഹരജിയില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു.

കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടർ സമര്‍പ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യവും കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണ്ണായക തെളിവുകൾ അപ്രസ്ക്തമായെന്നും ഹരജിയില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്.

അതേസമയം, ദിലീപിന്‍റെ സുഹൃത്ത് നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണസംഘം പരിശോധിക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ കേസിലെ വിധിയെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ സാധ്യതയുള്ളതാണെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. .മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനുള്ള നടപടികളിലേക്കും പരാതിക്കാരന്‍ വരും ദിവസങ്ങളില്‍ നീങ്ങിയേക്കും.

നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപ് ജാമ്യത്തിലറങ്ങിയ ശേഷം വിട്ടിലിരുന്ന് കണ്ടുവെന്നാണ് ദിലീപിന്‍റെ അടുത്ത സുഹൃത്തം സംവിധായകനുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. മാത്രമല്ല പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരിന്നു.

നിരവധി ഓഡിയോയും മൊബൈല്‍ സ്ക്രീന്‍ ഷോട്ടുകളും അടക്കം ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അഭ്യന്തരസെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ കുറ്റപത്രം നല്‍കി വിചാരണ നടക്കുന്ന കേസില്‍ പുതിയ സാക്ഷിയെ ഉള്‍പ്പെടുത്താനുള്ള നിയമപരമായ ചില തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശം തേടാനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.

എഡിജിപി സന്ധ്യടക്കം അന്വേഷണ സംഘത്തിലെ നാല് പേര്‍ക്ക് കൂടി ബാലചന്ദ്രകുമാര്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമുണ്ട്. അതിനിടെ, അക്രമ ദൃശ്യങ്ങള്‍ ദീലിപിന്‍റെ കയ്യിലുണ്ടെന്ന വെളിപ്പെടുത്തല്‍ തനിക്ക് ഭീഷണിയാണെന്ന് കാട്ടി അക്രമിത്തിനിരയായ നടിയും കോടതിയെ സമീപിച്ചേക്കും.

TAGS :

Next Story