നടിയെ ആക്രമിച്ച കേസ്; അന്തിമവാദം നാളെ, നീതി തേടി രാഷ്ട്രപതിക്ക് അതിജീവിതയുടെ കത്ത്
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിലെ വിചാരണ നടപടികള്‍ നടക്കുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അട്ടിമറിയിൽ ഇടപെടൽ ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതി ക്ക് കത്തയച്ചു. കോടതികളെ സമീപിപ്പിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് കത്തിൽ പറയുന്നു. കേസിൽ അന്തിമവാദം നാളെ ആരംഭിക്കും.
നടി ആക്രമിക്കപ്പെട്ട് ഏഴ് വര്‍ഷത്തിനിടെ വാദപ്രതിവാദങ്ങള്‍ നടന്ന കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും അന്തിമവാദം നടക്കുക. ഒരുമാസം കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായേക്കും. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രിം കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. പ്രധാന പ്രതികളുടേത് ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ പ്രതിഭാഗത്തിന്‍റെ സാക്ഷിവിസ്താരം പൂര്‍ത്തിയായിരുന്നു.
കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ക്രൂരമായ സംഭവമെന്നാണ് സർക്കാർ ഈ കേസിനെ ഹൈക്കോടതിയിൽ വിശേഷിപ്പിച്ചത്. കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ പൊലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യ ഘട്ടത്തിൽ കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് ദിലീപ് ഉൾപ്പടെയുള്ള ആറ് പ്രതികൾക്കെതിരെയും പൊലീസ് അനുബന്ധ കുറ്റപത്രവും സമർപ്പിച്ചു. കൂട്ട ബലാത്സംഗമുൾപ്പടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കേസ് എറണാകുളം ജില്ല സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി മാറ്റുകയായിരുന്നു. വിചാരണക്ക് വനിത ജഡ്‌ജിയെ ചുമതലപ്പെടുത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി എറണാകുളം പ്രത്യേക സിബിഐ കോടതിയെ പിന്നീട് കേസ് ഏൽപ്പിച്ചു. ഈ കോടതിയിൽ ജഡ്‌ജിയായിരുന്ന ഹണി എം. വർഗീസ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ആയതോടെ കേസും ഇതേ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുകയാണ് അതിജീവിത. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് കോടതിക്ക് തന്നെ ബോധ്യമുണ്ടായിട്ടും കൃത്യമായ അന്വേഷണം നടത്തുകയോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്തില്ലെന്നും ഇക്കാര്യം ഉന്നയിച്ച് സുപ്രിം കോടതിയില്‍ ഉള്‍പ്പെടെ പരാതി നല്‍കി. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത വ്യക്തമാക്കി.
Adjust Story Font
16