Quantcast

'സീരിയലുകളിൽ ഏതെങ്കിലും ദലിതന്റെയോ മുസ്‌ലിമിന്റെയോ കഥയുണ്ടോ?: കോർപറേറ്റുകൾക്ക് വേണ്ടിയാണ് രാജ്യം ഭരിക്കപ്പെടുന്നത്': നടി ഗായത്രി

'ഫലസ്തീനെ തള്ളിപ്പറഞ്ഞ് ഇസ്രായേലിന്റെ കാവലാളായി ഇന്ത്യ നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാതലായ കാരണങ്ങൾ എന്തെന്ന് ഏതെങ്കിലും ചാനലുകൾ ചർച്ച ചെയ്‌തോ?'- നടി ചോദിച്ചു.

MediaOne Logo

Web Desk

  • Published:

    28 Nov 2023 4:48 PM GMT

actress gayathri criticism against discrimination, casteism in serials and modi govt, modi media
X

കേന്ദ്ര സർക്കാരിനും ​ഗോദി മീഡിയയ്ക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചും സീരിയലുകളിലേയും സിനിമകളിലേയും ജാതീതയയും വംശീയതയും വിവേചനവും തുറന്നുപറഞ്ഞും സിനിമ- സീരിയൽ നടി ഗായത്രി വർഷ. ആറു മണി മുതൽ 10 മണി വരെ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ന്യൂനപക്ഷക്കാരന്റെയോ ദലിതന്റെയോ മുസ്‌ലിമിന്റെയോ കഥ പറയുന്നുണ്ടോ എന്ന് ഗായത്രി ചോദിച്ചു. 'ഞാനടക്കമുള്ളവർ അഭിനയിക്കുന്ന സീരിയലുകളിൽ ഒരു ന്യൂനപക്ഷ കഥയുണ്ടോ? മുസ്‌ലിമിന്റെയോ ക്രിസ്ത്യന്റേയോ കഥയുണ്ടോ? 40തോളം എന്റർടെയ്ൻമെന്റ് ചാനലുകൾ മലയാളത്തിലുണ്ട്'.

'ഒരു ദിവസം 35ഓളം സീരിയിലുകൾ എല്ലാവരും കാണുന്നുണ്ട്. ഓരോരുത്തരും അത്രയും കാണുന്നു എന്നല്ല, അവർ നമ്മളെ കാണിക്കുന്നു എന്നാണ്. ആറ് മണി മുതൽ പത്തുമണി വരെയുള്ള എല്ലാ സീരിയലുകളും കാണുന്നവർ നമുക്കിടയിൽ തന്നെയുണ്ട്. ഇതിനകത്ത് ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ?, ഒരു പള്ളീലച്ചനും മൊല്ലാക്കയുമുണ്ടോ? ഒരു ദലിതനുണ്ടോ? മാറ് മുറിച്ച് എന്റെ നഗ്നത മറയ്ക്കാനുള്ള അവകാശം എനിക്കു വേണമെന്ന് പറഞ്ഞ നങ്ങേലിയേയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെയും ടെലിവിഷനിൽ നമ്മൾ കാണുന്നുണ്ടോ?. ഇല്ല. എന്തുകൊണ്ടാണത്?'.

'അവരാരും കാണാൻ കൊള്ളില്ലേ? എന്റെയൊക്കെ തലമുറ സിനിമ കണ്ടുവളർന്നിരുന്ന സമയത്ത് എറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാൽ സൂര്യ എന്ന് ഞാൻ പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ. ആദാമിന്റെ വാരിയെല്ലിലെ പടനായിക. നല്ല ആർജവമുള്ള പെണ്ണായിരുന്നില്ലേ അവൾ. അങ്ങനൊരു നായികയെ നിങ്ങൾ ഏതെങ്കിലും സീരിയയിൽ കാണുന്നുണ്ടോ? സുന്ദരി എന്ന് പേരിട്ട് ഒരു കറുത്ത പെണ്ണിനെ കൊന്നുവന്നപ്പോഴും അവളെ വെളുപ്പിച്ചിട്ടാണ് കാണിച്ചിട്ടുള്ളത്. പൊട്ട് തൊടുവിച്ച് പട്ടുസാരി ഉടുപ്പിച്ച് സിന്ദൂരക്കുറിയണിയിച്ച് ഒരു സവർണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് അവളെ ഇറക്കുന്നത്. ചുമ്മാതെയാണോ അങ്ങനെ ഇറക്കുന്നത്. അതൊന്നും വെറുതെയല്ല'.

'ഒരു ട്രയാങ്കിൾ ആണ് എല്ലാം തീരുമാനിക്കുന്നത്. നമ്മൾ എപ്പോഴും കരയുന്നതും എപ്പോഴും ഭയപ്പെടുന്നതും എങ്ങനെ ജീവിക്കുമെന്ന് പേടിപ്പെടുത്തുന്നതുമായ 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ 126 വ്യക്തികൾക്കു വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. അവരാണ് കോർപ്പറേറ്റുകൾ'.

'ഇതിൽ രണ്ടോ മൂന്നോ കോർപ്പറേറ്റുകൾ കാര്യങ്ങൾ തീരുമാനിക്കും. റിലയൻസ് തീരുമാനിക്കും. അദാനിയും അംബാനിയും തീരുമാനിക്കും. വേണമെങ്കിലും ടാറ്റയും തീരുമാനിക്കും. അതാണ് ത്രികോണത്തിന്റെ ഒരു കോൺ. ഈ ട്രയാങ്കിളിന്റെ രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ആ ഒരു ബേസ് തീരുമാനിക്കുന്നത് നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും സവർണ ഫാസിസ്റ്റ് ഭരണകൂടമാണ്. ഇതിനിടയിലെ ആ ത്രികോണത്തിൽ നമ്മുടെ ഏഷ്യാനെറ്റ് കാണും. സ്റ്റാറുണ്ടാവും. സീ ടി.വിയും സൺ ഗ്രൂപ്പുമുണ്ടാവും. അങ്ങനെ ബാക്കിയുള്ള ചാനലുകളും അതിലെ വിഭവങ്ങളെല്ലാം കാണും. ഈ പറഞ്ഞ കോർപ്പറേറ്റാണ് ചാനലുകൾക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നതും ഏറ്റവും സ്വകാര്യമായി വച്ചിരിക്കുന്ന ക്രോസ് മീഡിയ ഓണർഷിപ്പിലൂടെ അവർ ചാനലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതും'- നടി ചൂണ്ടിക്കാട്ടി.

'ഗവൺമെന്റിന്റെ ഗ്യാരന്റിയിലാണ് കോർപ്പറേറ്റുകൾ പൈസ നൽകുന്നത്. ഗവൺമെന്റ് കോർപ്പറേറ്റിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. നരേന്ദ്രമോദിയുടെ ഭരണകൂടം കോർപ്പറേറ്റ് വേൾഡുകൾക്ക് മുന്നിൽ ചെന്ന് നട്ടെല്ല് വളച്ചുനിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും നമ്മുടെ സാംസ്‌കാരിക ലോകത്തെ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറവ് വയ്ക്കുകയും ചെയ്യുന്നു'- നടി തുറന്നടിച്ചു.

'എന്ത് കാണിക്കണം ടി.വിയിൽ എന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കും. കോർപ്പറേറ്റുകളുടെ കച്ചവട സാധ്യതകളെ ശക്തിപ്പെടുത്തുന്ന പരസ്യങ്ങളും സിനിമകളും പാട്ടുകളും കാണിക്കുക എന്നതാണ് ഒന്നാമത്തെ ആവശ്യം. പ്രൊപഗണ്ട വാർത്തകൾ മാത്രമേ കാണിക്കാൻ പാടുള്ളൂ എന്നതാണ് മറ്റൊന്ന്. ഫലസ്തീനെ തള്ളിപ്പറഞ്ഞ് ഇസ്രായേലിന്റെ കാവലാളായി ഇന്ത്യ നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാതലായ കാരണങ്ങൾ എന്തെന്ന് ഏതെങ്കിലും ചാനലുകൾ ചർച്ച ചെയ്‌തോ? അമേരിക്കയെന്ന ലോക ബോംബിന് വേണ്ടി, ലോക ആയുധ കച്ചവടത്തിന് വേണ്ടി ഇന്ത്യ കൂട്ടുനിൽക്കുകയാണെന്ന് പറയുന്ന ഏതെങ്കിലുമൊരു ചാനലിനെ നമ്മളിവിടെ കണ്ടോ?'- നടി ചോദിച്ചു.

TAGS :

Next Story