സിനിമാതാരം സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു
യുവാവിനൊപ്പമുണ്ടായിരുന്നവരിൽ ഒരാളെയും കുഞ്ഞിനെയും കൂട്ടി സുരഭി മെഡിക്കൽ കോളേജ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. അതിനിടെ സുരഭി ആശുപത്രിയിലെത്തിച്ച മുസ്തഫയുടെ ഭാര്യയും ഒരു കുഞ്ഞും സ്‌റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് മനസ്സിലായി
ചലച്ചിത്ര താരം സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പട്ടാമ്പി വിളയൂർ വൈലശേരി മുസ്തഫയാണ് (39) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ജീപ്പോടിക്കവെ കുഴഞ്ഞുവീണ മുസ്തഫയെ ഉടൻ നടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നഗരത്തിൽ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തിരക്കാനിറങ്ങിയതായിരുന്നു മുസ്തഫ.
ചൊവ്വാഴ്ച്ച രാത്രി ഇഫ്താർ വിരുന്ന് കഴിഞ്ഞ് മടങ്ങുമ്പോളഴാണ് തൊണ്ടയാട് മേൽപ്പാലത്തിനു താഴെ നിർത്തിയിട്ട ജീപ്പിനു സമീപം ഒരു കുട്ടിയും രണ്ടു മുതിർന്നവരും ബഹളം വയ്ക്കുന്നത് സുരഭിയുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ജീപ്പിന് സമീപത്തേക്ക് പോയി നോക്കിയ സുരഭി യുവാവിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് തിരിച്ചറിഞ്ഞതോടെ ആദ്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു കാര്യമറിയിക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ താങ്ങിയെടുത്ത് സുരഭി ആശുപത്രിയിലെത്തിച്ചു.
ഡോക്ടർമാരെത്തി മുസ്തഫയ്ക്ക് അടിയന്തര ചികിത്സ നൽകി. ഇതിനിടയിൽ യുവാവിനൊപ്പമുണ്ടായിരുന്നവരിൽ ഒരാളെയും കുഞ്ഞിനെയും കൂട്ടി സുരഭി മെഡിക്കൽ കോളേജ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. അതിനിടെ സുരഭി ആശുപത്രിയിലെത്തിച്ച മുസ്തഫയുടെ ഭാര്യയും ഒരു കുഞ്ഞും സ്‌റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് മനസ്സിലായി. വൈകിട്ട് ഏഴു മണിയോടെയാണ് ഒരു യുവതിയും കുട്ടിയും സ്റ്റേഷനിൽ എത്തിയത്. സംസാരത്തിൽ അസ്വാഭാവികത തോന്നിയതിനാൽ പൊലീസ് അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നൽകി സ്റ്റേഷനിൽ സുരക്ഷിതമായി നിർത്തി. തുടർന്ന് യുവതിയിൽനിന്നു ലഭിച്ച ഫോൺ നമ്പറിൽ ഭർത്താവിനെ വിളിച്ച് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. സമയം കഴിഞ്ഞിട്ടും ഭർത്താവ് എത്താതിരുന്നതിനാൽ പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു.
ഭാര്യയെ കാണാതായ മുസ്തഫയും കുട്ടിയും ഒരു സുഹൃത്തും പകലും രാത്രിയിലും തിരച്ചിൽ നടത്തി വീട്ടിലേക്കു തിരിച്ചുപോകുമ്പോഴാണ് പൊലീസ് വിളിച്ചു സ്റ്റേഷനിൽ എത്താൻ അറിയിച്ചത്. പിന്നീടു ഫോൺ ഓഫായി. സ്റ്റേഷനിലേക്കു പോകുന്ന വഴിക്കാണ് മുസ്തഫയുടെ ആരോഗ്യ സ്ഥിതി മോശമായത്. കൂടെയുള്ളവർക്കു ഡ്രൈവിങ് അറിയാത്തതിനാൽ വിജനമായ ബൈപാസിൽ മഴ കാരണം സഹായത്തിന് ആളില്ലാതെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് സുരഭി എത്തിയതെന്ന് ഇൻസ്‌പെക്ടർ ബെന്നിലാലു പറഞ്ഞു.
Adjust Story Font
16