Quantcast

‘ഞാൻ പെട്ടുപോയി, സിനിമയിലുള്ളരെ വിശ്വസിക്കാൻ കഴിയില്ല’ -നടി ഉഷയുടെ 1992ലെ അഭിമുഖം വീണ്ടും ചർച്ചയാകുന്നു

‘ഇനി വരാൻ പോകുന്നവർക്ക് എന്റെ ഈ അനുഭവം ഉണ്ടാകരുത്’

MediaOne Logo

Web Desk

  • Published:

    24 Aug 2024 1:50 PM GMT

actor usha haseena
X

കോഴിക്കോട്: വർഷങ്ങൾക്ക് മുമ്പ് തന്നെ സിനിമയിൽ സ്ത്രീകൾ അതിക്രമങ്ങൾ നേരിട്ടിരുന്നുവെന്ന നടി ഉഷ ഹസീനയുടെ തുറന്നുപറച്ചിൽ വീണ്ടും ചർച്ചയാകുന്നു. 1992ൽ നൽകിയ അഭിമുഖത്തിലാണ് ഉഷ മനസ്സ് തുറക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിൽ ‘എ.വി.എം ഉണ്ണി ആർക്കൈവ്സ്’ യൂട്യൂബ് ചാനലിലാണ് അഭിമുഖം പുറത്തുവിട്ടിട്ടുള്ളത്.

സിനിമയിൽ നല്ല അനുഭവമല്ല ഉണ്ടായിട്ടുള്ളതെന്ന് ഉഷ പറയുന്നു. സിനിമയിലുള്ളവരെ വിശ്വസിക്കാൻ ​കഴിയില്ല എന്നാണ് പുതുതായി ഇതിലേക്ക് കടന്നുവരുന്നവരും ഇതുവരെ അപകടമൊന്നും സംഭവിക്കാത്തവരോടും പറയാനുള്ളത്. ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ഒരു മാഫിയ സംഘമാണിത്. ബർമുഡ ട്രയാങ്കളിലേത് പോലെ കുടുങ്ങിപ്പോകും. ഞാൻ പെട്ടുപോയി. എനിക്ക് ഒരു അപകടം സംഭവിച്ചു. ഞാൻ ഒരാളെ വിശ്വസിച്ചു. സൂരജ് ബാബു എന്ന സംവിധായകനെ കല്യാണം കഴിച്ച് അയാളുടെ കൂടെ താമസിക്കുകയായിരുന്നു. എന്നാൽ, അദ്ദേഹം തന്നെ ഒരു ഭാര്യയായിട്ടല്ല കാണുന്നതെന്ന് വളരെ താമസിച്ചാണ് മനസ്സിലായത്. ഞാൻ ചതിക്കപ്പെട്ടു. ഇനി വരാൻ പോകുന്നവർക്ക് എന്റെ ഈ അനുഭവം ഉണ്ടാകരുത്’ -ഉഷ ഹസീന അഭിമുഖത്തിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയും ഉഷ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. സംവിധായകർ മോശമായി പെരുമാറിയിട്ടുണ്ടെന്ന് തന്റെ സഹപ്രവർത്തകർ തന്നോട് പറ‍ഞ്ഞിട്ടുണ്ട്. ഹോട്ടലിൽ കൊണ്ടുവന്ന് താമസിപ്പിച്ച് ആവശ്യം നടന്നില്ലെങ്കിൽ പിറ്റേ ദിവസം പറഞ്ഞുവിടുമെന്ന് സുഹൃത്ത് പറഞ്ഞതായും അവർ പറഞ്ഞു.

'തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകൻ തന്നോട് റൂമിലേക്ക് വരാൻ പറഞ്ഞു. ആ സമയം പിതാവിനോടൊപ്പമാണ് താൻ പോയത്. പിന്നീട് സെറ്റിലേക്ക് വന്നപ്പോൾ ഈ വ്യക്തി വളരെ മോശമായാണ് പെരുമാറിയത്. നന്നായി അഭിനയിച്ചാലും മോശമെന്ന് പറഞ്ഞ് അപമാനിക്കും. ഇതിന് പ്രതികരണമായി സംവിധായകനെ ചെരുപ്പൂരി അടിക്കാൻ പോയിട്ടുണ്ട്'- ഉഷ പറഞ്ഞു.

സിനിമാ മേഖലയിൽ പവർ ഗ്രൂപ്പുണ്ട്. രണ്ട്, മൂന്ന് ​ദിവസങ്ങൾ കഴിയുമ്പോൾ വാർത്തകളെല്ലാം മുങ്ങിപ്പോവാറാണ് പതിവ്. തെറ്റുകാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ഇനിയുള്ള തലമുറയ്ക്കെങ്കിലും നല്ല രീതിയിൽ സുരക്ഷിതരായി ജോലി ചെയ്യാൻ സാധിക്കണം. ഇതിന് വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും അവർ പറഞ്ഞു.

ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്ത് അന്വേഷണം നേരിടണമെന്നും ഉഷ വ്യക്തമാക്കി. പരാതി നൽകണമെന്നും പരാതി ഇല്ലെങ്കിൽ ആരോപണം മാഞ്ഞുപോകുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. വലിയ പദവിയിലിരിക്കുന്ന ആളാണ് രഞ്ജിത്ത്. ആരോപണം ഉയരുമ്പോൾ അതിനിയിപ്പോൾ ഏത് വലിയ പദവിയിലുള്ള ആളായാലും അന്വേഷണം നേരിടണം. അതിക്രമം നേരിട്ടവർ പരാതി കൊടുക്കാൻ തയ്യാറാവണം. ഇല്ലെങ്കിൽ ആരോപണങ്ങളെല്ലാം മാഞ്ഞുപോകും. പരാതിക്കാർക്കൊപ്പം നിൽക്കും. അവർക്ക് ധൈര്യം കൊടുത്ത് മുന്നോട്ടുകൊണ്ടുവരണമെന്നും ഉഷ പറഞ്ഞു. പരാതി പറയുന്നവരെ സമൂഹമാധ്യമത്തിൽ ഉൾപ്പെടെ അപമാനിക്കുന്ന സ്ഥിതിയാണുള്ളത്. അഭിമാനമാണ് വലുത്. അത് സംരക്ഷിക്കപ്പെടണമെന്നും ഉഷ വ്യക്തമാക്കി.

TAGS :

Next Story