എഡിജിപി വിവാദം; 'സ്ഥാനമാറ്റത്തോടെ അവസാനിച്ചിട്ടില്ല, റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി': എം.വി ഗോവിന്ദൻ
'എഡിജിപി -ആർഎസ്എസ് ബന്ധം ചർച്ചയാക്കിയതിനു പിന്നിൽ ജമാഅത്തെ ഇസ്‍ലാമി'
തിരുവനന്തപുരം: സ്ഥാനമാറ്റത്തോടെ എം.ആർ അജിത് കുമാറിനെതിരായ നടപടി അവസാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. അന്വേഷണറിപ്പോർട്ട് കിട്ടിയാൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ആരോപണം ഉയർന്ന ഉടനെ എസ്പിയെ മാറ്റി, റിപ്പോർട്ട് കിട്ടി 24 മണിക്കൂറിനുള്ളിൽ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റി, ശരിയായ നിലപാടെടുക്കാൻ സർക്കാരിനായെ'ന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
'അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ല, അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറി. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. എഡിജിപി -ആർഎസ്എസ് ബന്ധം ചർച്ചയാക്കിയതിനു പിന്നിൽ ജമാഅത്തെ ഇസ്‍ലാമിയാണ്. മാർക്സിസ്റ്റുകാർ ആർഎസ്എസുമായി പാലംപണിയുന്നുവെന്ന് പ്രചരിപ്പിച്ചു.'- ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി രൂക്ഷവിമർശനമുന്നയിച്ചു. 'ഗവർണർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് കേന്ദ്രം കേരളത്തെ പ്രതിസന്ധിയിലാക്കുകയാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നു'വെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
'മുണ്ടക്കൈ ദുരന്തത്തിൽ മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തി. സഹായം ആവശ്യപ്പെട്ടുള്ള കണക്ക് തെറ്റായി വ്യാഖ്യാനിച്ചു. കേന്ദ്രത്തിനെതിരായ കോടതി താക്കീത് പോലും വാർത്തയാക്കിയില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു. 'ദ ഹിന്ദു പത്രത്തിനെതിരെ കേസ് കൊടുക്കില്ല, ഹിന്ദുവിൻ്റെ ശൈലി വിലമതിക്കുന്നു. തെറ്റ് ഹിന്ദു തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ഖേദപ്രകടനം പ്രധാനപ്പെട്ട കാര്യമാണ്.'- അദ്ദേഹം പറഞ്ഞു.
Adjust Story Font
16