നടപടിയുണ്ടാകുമോ? അജിത് കുമാറിന്റെ മൊഴിയും അൻവർ നൽകിയ പരാതിയുടെ വിശദാംശങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കാന്‍ ഡിജിപി
എഡിജിപിക്കെതിരെ തെളിവുകളില്ലാതെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചാൽ നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്ന ആശങ്ക സർക്കാരിനുണ്ട്
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴിയും പി.വി അൻവർ എംഎല്‍എ നേരിട്ട് നൽകിയ പരാതിയുടെ വിശദാംശങ്ങളും സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. മുഖ്യമന്ത്രി ഡൽഹിയിലേക്കു പോയതിനാൽ കൂടിക്കാഴ്ച അടുത്ത ദിവസം നടക്കാനാണ് സാധ്യത. ഡിജിപിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് വരുംദിവസങ്ങളിൽ ഉണ്ടാകാനേ സാധ്യതയുള്ളൂ.
സംസ്ഥാന പൊലീസ് മേധാവി തന്‍റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുന്നത് സംസ്ഥാനചരിത്രത്തിൽ തന്നെ അപൂർവമായ സംഭവമാണ്. മൊഴിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാൽ നാളെ മാത്രമേ കൂടിക്കാഴ്ച നടക്കാൻ സാധ്യതയുള്ളൂ.
എഡിജിപിക്കെതിരെ തെളിവുകളില്ലാതെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചാൽ നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്ന ആശങ്ക സർക്കാരിനുണ്ട്. ഭരണതലത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ ക്രമസമാധാന ചുമതലയിൽനിന്ന് അജിത് കുമാറിനെ നീക്കാം. അതിലേക്ക് എത്തിച്ചേരേണ്ട അവസ്ഥയിലേക്ക് മുന്നണിയിലെ സമ്മർദം വർധിക്കുന്നുണ്ട്.
പി.വി അൻവർ ഡിജിപിക്കു നൽകിയ പരാതിയും പൊലീസ് പരിശോധിച്ചുവരികയാണ്. തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നായിരുന്നു അൻവറിന്റെ ഒരു ആവശ്യം. ഫോൺ ചോർത്തൽ, പൊതുജനങ്ങൾ നൽകുന്ന പരാതി അട്ടിമറിക്കൽ, സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസടക്കം അജിത് കുമാറിന്‍റെ കാലത്ത് നടന്ന പൊലീസിലെ പല വിഷയങ്ങളും രേഖാമൂലം തന്നെ അൻവർ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയിട്ടുണ്ട്. ഇതെല്ലാം പ്രത്യേക അന്വേഷണസംഘം പരിശോധിക്കും.
Summary: The statement of ADGP MR Ajith Kumar and the details of the complaint lodged directly by PV Anvar MLA will be conveyed directly to the Chief Minister by the DGP.
Adjust Story Font
16