'ADGP-RSS കൂടിക്കാഴ്ച എന്തിനെന്നറിയണം': ADGPയെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ
'കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്നത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ട്'
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് എം.ആർ അജിത്ത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ, ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്നും ജനയുഗത്തിലെഴുതിയ ലേഖനത്തിൽ സിപിഐ നേതാവും ദേശീയ എക്സിക്യുട്ടീവ് അംഗവുമായ പ്രകാശ് ബാബു ആവശ്യപ്പെട്ടു.
'ആർഎസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ രണ്ടു ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തിൽ പ്രത്യേകിച്ച് വർഗീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദർഭത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥൻ എന്തിനാണ് രഹസ്യമായി സന്ദർശിച്ചത് എന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്. ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താൻ സന്ദർശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞ പക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനേയോ രേഖാമൂലം അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്നും മാറ്റി നിർത്തണം'.- ലേഖനത്തിൽ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും അജിത് കുമാറിനെ സർക്കാർ സംരക്ഷിച്ചു നിർത്തുന്നതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. ഇത് പലതവണ മുന്നണി യോഗത്തിലടക്കം സിപിഐ പരസ്യമാക്കുകയും ചെയ്തിരുന്നു.
Adjust Story Font
16