Quantcast

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച ഡിജിപി ‌അന്വേഷിക്കും; വീഴ്ച കണ്ടെത്തിയാൽ നടപടി

കൂടിക്കാഴ്ചയിൽ സർവീസ് ചട്ടലംഘനമോ അധികാര ദുർവിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക.

MediaOne Logo

Web Desk

  • Updated:

    2024-09-09 05:48:43.0

Published:

9 Sep 2024 3:05 AM GMT

ADGP-RSS meeting to be investigated by DGP
X

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കാൻ തീരുമാനം. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് നേരിട്ടാണ് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിലെ ആർക്കും ഇതിന്റെ ചുമതല നൽകേണ്ടെന്നാണ് തീരുമാനം.

കൂടിക്കാഴ്ചയിൽ സർവീസ് ചട്ടലംഘനമോ അധികാര ദുർവിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക. വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കാനും ആലോചനയുണ്ട്. ഈ അന്വേഷണമായിരിക്കും ആദ്യം പൂർത്തിയാക്കുക. ഇതിനു ശേഷമായിരിക്കും അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിലെ അന്വേഷണം.

ഏറ്റവും ഗുരുതര ആരോപണം എന്ന നിലയ്ക്കാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യംതന്നെ അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡിജിപിയുടെ നീക്കം. സന്ദർശനം എഡിജിപി എന്ന നിലയ്ക്കായിരുന്നോ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നോ എന്നൊക്കെയും അന്വേഷിക്കും.

ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും സർക്കാർ ഇത് അവഗണിച്ചത് ചൂണ്ടിക്കാട്ടി പ്രതിപക്ഷമടക്കം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച നടന്നതായി എഡിജിപി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.

വിഷയത്തിൽ ഇപ്പോൾ പാർട്ടി പോലും സർക്കാരിനെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം നടത്താനുള്ള തീരുമാനം. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പാർട്ടിയെ കൂട്ടിക്കെട്ടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതോടെ സർക്കാരും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കടുത്ത പ്രതിരോധത്തിലായതോടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത്.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായിട്ടായിരുന്നു എഡിജിപിയുടെ കൂടിക്കാഴ്ച. 2023 മെയ് രണ്ടിന് തൃശൂരിലാണ് കൂടിക്കാഴ്ച നടന്നത്. ആർഎസ്എസ് നേതാവ് താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് എം.ആർ അജിത്കുമാർ സ്വകാര്യ വാഹനത്തിലെത്തി. ആർഎസ്എസിന്റെ പോഷക സംഘടനയുടെ നേതാവിന്റെ കാറിലാണ് എത്തിയത്.

തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിരത്തിൽ നടന്ന ആർഎസ്എസ് ക്യാമ്പിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇതു സംബന്ധിച്ച് തൃശൂരിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറിയിട്ടും സർക്കാർ മൗനം പാലിക്കുകയായിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ച എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന് അജിത് കുമാർ നൽകിയ വിശദീകരണം.

അജിത്കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളിൽ സമ്മർദമേറിയിട്ടുണ്ട്. കൂടിക്കാഴ്ച എന്തിനെന്നറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ഗൂഡാലോചനകൾ പുറത്തുവരട്ടെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പറഞ്ഞിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ കേസുകൾ ഒത്തുതീർപ്പാക്കാനും തൃശൂരിൽ ബിജെപിയെ ജയിപ്പിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കാനുമാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.

എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച ആർഎസ്എസ്- സിപിഎം ഡീലിന്റെ ഭാ​ഗമാണെന്നും വി.ഡി സതീശൻ ആരോപിച്ചിരുന്നു. അജിത് കുമാർ മുഖ്യമന്ത്രിക്ക് ദൂതുമായി പോയതാണ് എന്നതിൽ സംശയമില്ലെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണെന്നും സതീശൻ‌ ആരോപിച്ചു.








TAGS :

Next Story