ഒന്നുമില്ലാതെയല്ല ചോദ്യംചെയ്യല്‍, വി.ഐ.പി ആരെന്ന് ഇപ്പോള്‍ പറയാനാവില്ല: എ.ഡി.ജി.പി ശ്രീജിത്ത്
ആവശ്യത്തിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് എ.ഡി.ജി.പി ശ്രീജിത്ത്
നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത്. വി.ഐ.പി ആരെന്ന് ഇപ്പോള്‍ പറയാനാവില്ല. സാക്ഷികള്‍ കൂറുമാറിയത് ഉള്‍പ്പെടെ അന്വേഷിക്കും. ഒന്നും ഇല്ലാതെയല്ല ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നതെന്ന് മനസ്സിലാക്കാമല്ലോയെന്നും ഇന്നലെ കോടതിയില്‍ നടന്നത് കണ്ടതാണല്ലോയെന്നും ശ്രീജിത്ത് പറഞ്ഞു.
"വി.ഐ.പി ആരെന്ന് ഔദ്യോഗികമായി ഇപ്പോള്‍ പറയാനാവില്ല. മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയവരെയും, ആവശ്യം വന്നാല്‍ അല്ലാത്തവരെയും ചോദ്യംചെയ്യും. സാക്ഷികള്‍ കൂറുമാറാനുണ്ടായ സാഹചര്യം പരിശോധിക്കും. കേസ് സത്യസന്ധമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരും. ആവശ്യത്തിന് തെളിവുകള്‍ കയ്യിലുണ്ട്, ബാക്കി അന്വേഷിച്ച് കണ്ടെത്തും. ഒന്നും ഇല്ലാതെയല്ല ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നതെന്ന് മനസ്സിലാക്കാമല്ലോ. ഇന്നലെ കോടതിയില്‍ നടന്നത് കണ്ടതാണല്ലോ. ചോദ്യംചെയ്യലില്‍ സഹകരിക്കുമ്പോള്‍ ചില തെളിവുകള്‍ കിട്ടും. നിസ്സഹകരിക്കുമ്പോള്‍ വേറെ കുറേ തെളിവുകള്‍ കിട്ടും. രണ്ടും അന്വേഷണത്തിന് സഹായകരമാണ്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നിസ്സഹകരണം ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കും"- എന്നാണ് എ.ഡി.ജി.പി പറഞ്ഞത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യൽ. കേസിലെ തെളിവുകള്‍ നല്‍കിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അന്വേഷണസംഘം കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
9 മണി ആകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ അകത്തേക്ക് കയറി. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ 11 മണിക്കൂറാണ് ദിലീപിനെ ഇന്ന് ചോദ്യംചെയ്യുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യംചെയ്യലെങ്കിലും നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടാകും.
ചോദ്യംചെയ്യൽ പൂർത്തിയാക്കി വരുന്ന ചൊവ്വാഴ്ചയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകേണ്ടത്. അതുകൊണ്ടുതന്നെ ഇനിയുള്ള മൂന്ന് ദിവസം അന്വേഷണ സംഘത്തിനും ദിലീപിനും നിർണായകമാണ്.
Adjust Story Font
16