Quantcast

"ഹിന്ദുക്കളെയോ മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ ഇതുപോലെ പ്രദർശിപ്പിക്കുമോ?" കേരളീയം 2023-ലെ ആദിവാസി പവലിയനെതിരെ വ്യാപക വിമർശനം

"മനുഷ്യരെ തുല്യരായി കാണാതെ മ്യൂസിയം പീസായി വച്ച് പ്രദർശനം നടത്തുന്ന കേരള നവോത്ഥാനം. നവോത്ഥാന സെൽഫികളിലെ ഏറ്റവും വലിയ അശ്ലീലതയാണ് ഫോക്‌ലോർ അക്കാദമിയിലെ വംശവെറിയർ ഉറപ്പു വരുത്തുന്നത്."

MediaOne Logo

Web Desk

  • Updated:

    2023-11-06 11:51:24.0

Published:

6 Nov 2023 11:29 AM GMT

ഹിന്ദുക്കളെയോ മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ ഇതുപോലെ പ്രദർശിപ്പിക്കുമോ? കേരളീയം 2023-ലെ ആദിവാസി പവലിയനെതിരെ വ്യാപക വിമർശനം
X

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച "കേരളീയം 2023" പരിപാടിയിൽ ആദിവാസി സമൂഹത്തെ പ്രദർശന വസ്തുവാക്കിയെന്ന് വിമർശനം. തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയ സാംസ്കാരിക പരിപാടിയിലെ ആദിവാസി ജീവിതം പരിചയപ്പെടുത്തുന്ന ഇൻസ്റ്റലേഷനിൽ ആദിവാസികളെ മുഖത്ത് ചായംപൂശി അണിനിരത്തിയതിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നത്. ഗോത്ര മഹാസഭാ സ്ഥാപകൻ എം. ഗീതാനന്ദൻ, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തക ലീല സന്തോഷ്, പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ എം.ബി.എ ബിരുദധാരി മണിക്കുട്ടൻ പണിയൻ, മാധ്യമപ്രവർത്തകൻ കെ.എ ഷാജി, അഭിഭാഷകൻ പ്രമോദ് പുഴങ്കര, സി.എസ് മുരളി ശങ്കർ, പ്രശാന്ത് കൊളിയൂർ തുടങ്ങി നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

"ആദിവാസികളെ ബാംബൂ ബോയ്സ് ആക്കിയ നടപടിക്കെതിരെ പ്രതിഷേധിക്കണം. കേരളീയം വേദിയിലെ ഇത്തരം നിർമിതി പൊളിച്ചുമാറ്റാൻ ആവശ്യപ്പെടണം. ആദിശക്തി സമ്മർ സ്കൂളിന്റെ പേരിൽ ഇപ്പോൾ തന്നെ ആവശ്യപ്പെട്ടു കൊണ്ട് പ്രസ്താവന പുറത്തുവരട്ടെ. അവർ പൊളിച്ചുമാറ്റിയില്ലെങ്കിൽ ആദിവാസികൾ പൊളിച്ചുകളയും എന്ന് പറയാൻ കഴിയണം." - എം. ഗീതാനന്ദൻ ഫേസ്ബുക്കിൽ കമന്റ് ചെയ്തു.

"ഈ 21ആം നൂറ്റാണ്ടിലും, പ്രദർശന വസ്തുക്കളാകാൻ വിധിക്കപ്പെട്ട നമ്മുടെ ഒക്കെ ഒരു ഗതികേടേ!!! സാധാരണ, മനുഷ്യരെ ഒന്നും ഒരു പ്രദർശനത്തിനും ഉപയോഗിക്കാറില്ല. ഇതിപ്പോ....!!' എന്നാണ് പ്രദർശന മേളയിലെ ചിത്രങ്ങൾ പങ്കുവച്ച് ലീല സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചത്. കേരളീയം പരിപാടിയിൽ ആദിവാസികളെ ബ്രാൻഡ് ചെയ്യാനുപയോഗിച്ച കുടിലുകൾ പൊളിച്ചുമാറ്റി സർക്കാർ ആദിവാസി സമൂഹത്തോട് മാപ്പുപറയണമെന്ന് മണിക്കൂട്ടൻ പണിയൻ ആവശ്യപ്പെട്ടു. "എന്തൊരു കഷ്ടമാണിത്... ആദിവാസികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് മറ്റൊരു ഭരണകൂടഭീകരത (കേരളീയം)... എന്ത് ലോജിക്കിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഞങ്ങളെ ഇങ്ങനെ കാഴ്ചവസ്തുക്കളാക്കുന്നത്..? ഇതുപോലെ ഹിന്ദുക്കളെയോ, മുസ്ലിങ്ങളെയോ ങ്ങളെയോ, ക്രിസ്ത്യാനികളെയോ ഇതുപോലെ ഷോകേസ് ചെയ്യാത്തതെന്ത്..? നിന്റെയൊക്കെ വീട്ടിലുള്ളവരെ ഇങ്ങനെ കൊണ്ടിരുത്തുമോ..? എസ് സി / എസ് ടി വകുപ്പ് മന്ത്രി ഇതിന് മറുപടി പറയണം." അദ്ദേഹം പറഞ്ഞു.

"പട്ടികജാതി/വർഗ്ഗ വികസന വകുപ്പുമന്ത്രി കെ രാധാകൃഷ്ണന്റെ "ഉന്നതി"യുടെ കാലത്ത് ആദിവാസികളെ അലി അക്ബറിന്റെ "ബാംബൂ ബോയ്സ്" ആക്കി മാറ്റുന്ന "കേരളീയ"ത്തിലെ ഈ കെട്ടു കാഴ്ചകൾ ഉടൻ പൊളിച്ചു മാറ്റുക." സി.എസ് മുരളി ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

"മലയാളത്തിലെ ഏറ്റവും വംശവെറി നിറഞ്ഞ സിനിമയായ രാമസിംഹൻ അലി അക്ബറിന്റെ ബാംബൂ ബോയ്‌സിലെ രംഗമാണിത് എന്ന് തെറ്റിദ്ധരിച്ച് അയാളെ തെറി വിളിക്കാൻ വരുന്നവർ ഒരു നിമിഷം ശാന്തരായി കേൾക്കണം. ഇടതുപക്ഷ പുരോഗമന സർക്കാർ കേരളീയം എന്ന പേരിൽ തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന സാംസ്‌കാരിക പരിപാടിയിലാണ് ഇടുക്കിയിലെ ഈ ആദിവാസി യുവതീയുവാക്കളെ ആറ് ദിവസമായി മുഖത്ത് പെയിന്റ് അടിച്ച് ഇങ്ങനെ ഇരുത്തിയിരിക്കുന്നത്.

നാളെയും കൂടി അവരിങ്ങനെ ഇരിക്കണം. ഫോക്ക്ലോർ അക്കാദമിയിലെ മുന്തിയ യജമാനന്മാരുടെയും കരനാഥന്മാരുടെയും ബുദ്ധിയാണ്. എല്ലാ ചെലവും താമസവും കൊടുക്കും. പിന്നെ ദിവസം ആയിരം രൂപയോളം കൂലിയും. തൊട്ടടുത്ത കാഴ്ച ബംഗ്ലാവിൽ വന്യമൃഗങ്ങളെ കണ്ടിട്ട് വരുന്ന പണവും അധികാരവും അഹങ്കാരവും ഉള്ള നഗര ജീവികൾ അതെ ലാഘവത്തോടെ ഇവരെയും കാണുന്നു. അവർക്കടുത്തുനിന്ന് ഫോട്ടോ എടുക്കുന്നു. മഹത്തായ എന്തോ കാര്യം സാധിച്ചത് പോലെ നിർവൃതി അടയുന്നു.

ആദിവാസികളെ മ്യൂസിയം പീസാക്കി നടത്തുന്ന ഈ കോമാളിത്തത്തിൽ മൊത്തം അഞ്ചുജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി വിഭാഗങ്ങളെ പ്രദർശനത്തിന് വച്ചിരിക്കുകയാണ്.

സർക്കാരിനെ കുറ്റം പറയുന്നില്ല. ഏതോ പരിമിതവിഭവരായ ഉദ്യോഗസ്ഥരുടെ ഭാവനയാകാം. പക്ഷെ ഇത് കണ്ടിട്ട് ഒരമ്പരപ്പും തോന്നാത്ത മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, സാംസ്‌കാരിക നായകർ, സാമൂഹിക പരിഷ്ക്കർത്താക്കൾ, വിപ്ലവകാരികൾ എന്നിവരെ ഓർക്കുമ്പോൾ ശരിക്കും സങ്കടമുണ്ട്. മനുഷ്യരെ തുല്യരായി കാണാതെ മ്യൂസിയം പീസായി വച്ച് പ്രദർശനം നടത്തുന്ന കേരള നവോത്ഥാനം. നവോത്ഥാന സെൽഫികളിലെ ഏറ്റവും വലിയ അശ്ലീലതയാണ് ഫോക്‌ലോർ അക്കാദമിയിലെ വംശവെറിയർ ഉറപ്പു വരുത്തുന്നത്. ഈ പോസ്റ്റ് കാണുന്ന എല്ലാവരോടുമായി ചോദിക്കട്ടെ. ഈ ചിത്രം കാണുമ്പൊൾ നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലേ?

തോന്നുന്നുണ്ടെങ്കിൽ ഒരു കമന്റ് എങ്കിലും ഇതിന് ചുവട്ടിൽ ഇടുക. ഒരു വല്ലായ്മ എങ്കിലും തോന്നുന്നുവെങ്കിൽ മാത്രം." - കെ.എ ഷാജി കുറിച്ചു.

"എന്തുകൊണ്ടാണ് കേരളത്തിലെ നായർ തറവാടുകളും അവിടുത്തെ ജീവിതവും വീട്ടുകാരും, നമ്പൂതിരി ഇല്ലങ്ങളും മറക്കുടയും ഘോഷയുമായി ഓട്ടുവളകളണിഞ്ഞ നമ്പൂതിരി സ്ത്രീകളും, കൃസ്ത്യൻ വീടുകളുമൊന്നും ഇത്തരം പ്രദർശനശാലകളിലില്ലാത്തത് എന്നതിന്റെ ഉത്തരം എന്തുകൊണ്ടാണ് ആഫ്രിക്കക്കാരെയും ഏഷ്യക്കാരെയും പ്രദർശിപ്പിച്ചിടത്ത് വെള്ളക്കാരനെ പ്രദർശിപ്പിക്കാഞ്ഞത് എന്നതുതന്നെയാണ്. ഈ മനുഷ്യത്വവിരുദ്ധമായ ആഭാസത്തിന് കേരള സർക്കാർ മാപ്പു പറയേണ്ടിയിരിക്കുന്നു. " - ഫേസ്ബുക്കിൽ എഴുതിയ ദീർഘമായ കുറിപ്പിൽ പ്രമോദ് പുഴങ്കര പറയുന്നു.

Next Story