എഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് ശേഖരിച്ചോ എന്നതിൽ അവ്യക്തത
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്ത്. തൂങ്ങിമരണം തന്നെയാണെന്ന് പോസ്റ്റ് മോർട്ടത്തിൽ പറയുന്നു.
കണ്ണുകൾ അടഞ്ഞ് കിടക്കുകയായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ല. ചുണ്ടിനും വിരലിലെ നഖങ്ങൾക്കും നീല നിറമായിരുന്നു. പല്ലുകൾക്കും മോണകൾക്കും കേടില്ല. നാവ് കടിച്ചിരുന്നു.
ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളില്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ്നാ നാഡിക്കും പരിക്കില്ല. മൃതദേഹം തണുത്ത അറയിൽ സൂക്ഷിച്ചിരുന്നില്ല. 0.5 സെ.മീ വ്യാസമുള്ള മഞ്ഞ കലർന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയിട്ടിരുന്നു. കയറിെൻറ നീണ്ട ഭാഗത്തിന് 103 സെ.മീ നീളമാണുണ്ടായിരുന്നത്. 30 സെ.മീ നീളമുള്ള സ്വതന്ത്ര ഭാഗവും ഉണ്ടായിരുന്നു.
കഴുത്തിന് ചുറ്റുമുള്ള കയറിന്റെ ഭാഗത്തിന് 22 സെ.മീ നീളമുണ്ട്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്കും തരുണാസ്ഥിക്കും കശേരുക്കൾക്കും തലയോട്ടിക്കും പരിക്കില്ല. വാരിയെല്ലുകൾക്ക് ക്ഷതമോ ശരീരത്തിൽ മറ്റു മുറിവുകളോയില്ല.
ഇടത് ശ്വാസകോശത്തിെൻറ മുകൾഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേർന്ന നിലയിലായിരുന്നു. അന്നനാളവും സാധാരണ നിലയിലാണ്. പോസ്റ്റ്മോർട്ടം നടന്നത് ഒക്ടോബർ 15ന് ഉച്ചയ്ക്ക് 12.40നും 1.50നും ഇടയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചോ എന്നത് സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയില്ല.
Adjust Story Font
16