വാഫി കോളജിൽ ക്ലാസ് എടുക്കരുതെന്ന് ഹകീം ഫൈസിയോട് അഡ്മിനിസ്‌ട്രേഷൻ കമ്മിറ്റി
ഹകീം ഫൈസിയെ മാറ്റിനിർത്തരുതെന്ന് ആവശ്യപ്പെട്ട് വാഫി കോളജുകളിലെ അധ്യാപകർ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടിരുന്നു.
Hakeem Faizy
വളാഞ്ചേരി: വളാഞ്ചേരി മർകസ് വാഫി കോളേജിൽ ക്ലാസ് എടുക്കരുതെന്ന് ഹകീം ഫൈസി ആദൃശേരിയോട് അഡ്മിനിസ്‌ട്രേഷൻ കമ്മറ്റി. കോളജ് നടത്തിപ്പ് കാര്യങ്ങളിലും പരിപാടികളിലും പങ്കെടുക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യമറിയിച്ച് അഡ്മിനിസ്‌ട്രേഷൻ കമ്മിറ്റി ഹകീം ഫൈസിക്ക് കത്ത് നൽകി. വളാഞ്ചേരി മർകസ് വാഫി കോളജ് പ്രിൻസിപ്പലാണ് ഹകീം ഫൈസി.
അതിനിടെ സി.ഐ.സി കോളജുകളിലെ അധ്യാപകർ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു. ഹകീം ഫൈസി മാറ്റിനിർത്തരുതെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകർ പാണക്കാട്ടെത്തിയത്. 30 കോളജുകളിലെ അധ്യാപകരാണ് സാദിഖലി തങ്ങളെ കാണാനെത്തിയത്. വാഫി സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളും നേരത്തെ പാണക്കാട്ടെത്തി ഹകീം ഫൈസിക്ക് പിന്തുണ അറിയിച്ചിരുന്നു.
സമസ്തയുടെ ആദർശത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹകീം ഫൈസിക്കെതിരെ സമസ്ത നടപടിയെടുത്തത്. പിന്നീട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം അദ്ദേഹം സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. വാഫി സ്ഥാപനങ്ങളുടെ ഭാവി പ്രവർത്തനത്തിൽ തീരുമാനമെടുക്കാൻ സി.ഐ.സി ചെയർമാനായ സാദിഖലി തങ്ങളെയാണ് സമസ്ത ചുമതലപ്പെടുത്തിയത്.
Adjust Story Font
16