പ്രഫുല്‍ പട്ടേല്‍ നാളെ ലക്ഷദ്വീപില്‍; കരിദിനം ആചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം
കറുത്ത മാസ്കുകള്‍ ധരിച്ചും വീടുകൾ തോറും കരിങ്കൊടിയുയര്‍ത്തിയും പ്രതീകാത്മക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുകാർ തിങ്കളാഴ്ച കരിദിനമാചരിക്കും. അഡ്മിനിസ്ട്രേറ്ററുടെ പരിപാടികള്‍ ബഹിഷ്കരിക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു.
കറുത്ത മാസ്കുകള്‍ ധരിച്ചും വീടുകൾ തോറും കരിങ്കൊടിയുയര്‍ത്തിയും പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചും പ്രതീകാത്മക പ്രതിഷേധ പരിപാടികളാണ് നടത്തുക. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ദ്വീപ്തല സമിതികളാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങി പൊതുയിടങ്ങളിലെ പ്രതിഷേധങ്ങള്‍ ഒഴിവാക്കി, തീര്‍ത്തും ജനാധിപത്യപരമായ സമരരീതികള്‍ സ്വീകരിക്കാനാണ് തീരുമാനം.
വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ ദ്വീപിലെത്തുന്നത്. നാളെ ഉച്ചയോടു കൂടി പ്രഫുല്‍ പട്ടേല്‍ കവരത്തിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 20 വരെയാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലുണ്ടാകുക. ഇക്കാലയളവില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഈ പരിപാടികളില്‍ പൊതുജനങ്ങളും ജനപ്രതിനിധികളും പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് സേവ് ലക്ഷദ്വീപ് ഫോറം നല്‍കുന്നത്.
Adjust Story Font
16