എഡിഎമ്മിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കലക്ടർ
ആരോപണങ്ങളിൽ കലക്ടർ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കലക്ടർ. മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തിയ അരുൺ കെ. വിജയൻ അദ്ദേഹവുമായി 20 മിനിറ്റിലേറെ സംസാരിച്ചതായാണ് വിവരം. ഉയർന്നു വന്ന ആരോപണങ്ങളിൽ കലക്ടർ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എന്നാണ് വിവരം.
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടാണ് ചെന്നതെന്ന പി.പി ദിവ്യയുടെ വാദം കലക്ടർ തള്ളിയിരുന്നു. നവീൻ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടർക്കെതിരെ രംഗത്തുവന്നിരുന്നു. നവീന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി. എഡിഎമ്മിനെതിരെ പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നാണ് ജീവനക്കാർ മൊഴി നൽകിയത്.
Adjust Story Font
16